ഗാസ സിറ്റി: ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രയേലി പ്രതിരോധ സേന. ഹമാസ് ആന്റി ടാങ്ക് മിസൈൽ വിഭാഗത്തിന്റെ തലവനായി വിശേഷിപ്പിക്കപ്പെട്ട കമൽ അബ്ദ് അൽ റഹ്‌മാൻ മുഹമ്മദ് ഔവാദ്, ഹമാസിന്റെ ആയുധ നിർമ്മാണ വിഭാഗത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന അഹ്‌മദ് തബേത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മുതിർന്ന ഹമാസ് നേതാക്കളും കുട്ടികളുമുൾപെടെ 14 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച ഗാസയിൽനിന്ന് ഇസ്രയേലി സൈനികർ വിന്യസിച്ചിരുന്ന ഗാസ സിറ്റി ഭാഗത്തേക്ക് നടന്ന റോക്കറ്റ് വിക്ഷേപണത്തിന് ശേഷമാണ് തിരിച്ചടിച്ചതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അവകാശപ്പെട്ടു. അതേസമയം, മുഹമ്മദ് ഔവാദിന്റെ മരണം ഔദ്യോഗിക പാലസ്തീൻ വാർത്താ ഏജൻസിയായ വഫ സ്ഥിരീകരിച്ചു. എന്നാൽ, മുഹമ്മദ് ഔവാദ് ഹമാസ് നേതാവല്ല സാധാരണ പൗരനാണെന്നാണ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഹമാസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ഇസ്രയേൽ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 14 പലസ്തീനികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഗാസ ആരോഗ്യ അധികൃതർ അറിയിച്ചത്. ഇരകൾ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഗാസാ സിറ്റിയിൽ നിന്നുള്ള ഹമാസ് അനുകൂല ഗ്രൂപ്പുകളുടെ പരാജയപ്പെട്ട പ്രൊജക്ടൈൽ വിക്ഷേപണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഘട്ടംഘട്ടമായ വെടിനിർത്തൽ കരാർ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് അധികൃതർ പറഞ്ഞു. ഗാസയിൽ ബാക്കിയുള്ള അവസാന ബന്ദിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇതിനിടെ ഗാസയിലെ വെടിനിർത്തൽ കരാറിന് മേൽനോട്ടം വഹിക്കുന്നതിനായി രൂപീകരിക്കുന്ന ‘ബോർഡ് ഓഫ് പീസ്’ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഈ ബോർഡിന്റെ അധ്യക്ഷനായി ട്രംപ് തന്നെയായിരിക്കും പ്രവർത്തിക്കുക. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ യുഎസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബൾഗേറിയൻ ഡിപ്ലോമാറ്റ് നിക്കോളായ് മലദേനോവിനെ ബോർഡിന്റെ നിയുക്ത ഡയറക്ടർ ജനറലായി പ്രഖ്യാപിച്ചതായി അറിയിച്ചു. മുൻ ബൾഗേറിയൻ പ്രതിരോധ–വിദേശകാര്യ മന്ത്രിയും, 2015 മുതൽ 2020 വരെ ഐക്യരാഷ്ട്രസഭയുടെ മിഡിൽ ഈസ്റ്റ് സമാധാന ദൂതനുമായിരുന്ന മലദേനോവ്, ഇസ്രായേലുമായും ഹമാസുമായും മികച്ച പ്രവർത്തന ബന്ധം പുലർത്തിയ വ്യക്തിയാണ്.
ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയുടെ ഭാഗമായി, പുതിയ സാങ്കേതിക ഭരണകൂടമുള്ള പാലസ്തീൻ സർക്കാർ രൂപീകരണം, ഹമാസിന്റെ ആയുധ നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം, ഇസ്രായേൽ സൈന്യത്തിന്റെ ഘട്ടംഘട്ടമായ പിൻവലിക്കൽ, ഗാസ പുനർനിർമ്മാണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കാനാണ് ബോർഡിന്റെ ലക്ഷ്യം. എന്നാൽ ഈ മേഖലകളിലൊന്നിലും ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഈജിപ്തിലും യൂറോപ്യൻ യൂണിയനിലുമുള്ള നേതാക്കൾ കെയ്‌റോയിൽ യോഗം ചേർന്ന് ഗാസയിൽ അന്താരാഷ്ട്ര സ്റ്റബിലൈസേഷൻ സേന വിന്യസിക്കണമെന്നാവശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കാജ കല്ലാസ്, ഹമാസ് ഇപ്പോഴും ആയുധങ്ങൾ കൈമാറാൻ തയ്യാറാകുന്നില്ലെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പറഞ്ഞു.
അതേസമയം ഏകദേശം മൂന്ന് മാസമായി തുടരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേലും ഹമാസും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുകയാണ്. വെടിനിർത്തൽ ആരംഭിച്ചതിനുശേഷം നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ 400ലധികം പാലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു. എന്നാൽ കരാർ ലംഘനങ്ങൾക്ക് മറുപടിയായാണ് എല്ലാ സൈനിക നടപടികളും നടത്തിയതെന്ന നിലപാടിലാണ് ഇസ്രായേൽ സൈന്യം.
വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 11 വയസുകാരി, ഒരു കൗമാരക്കാരി, രണ്ട് ആൺകുട്ടികൾ എന്നിവരാണ് ടെന്റ് ക്യാമ്പിലുണ്ടായിരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ ഗാസാ സിറ്റിയിലെ അഭയാർഥി ക്യാമ്പിൽ നാശനഷ്ടങ്ങൾ പരിശോധിക്കുന്ന പാലസ്തീനികളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
















































