ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം പങ്കുചേരുന്നതിനെ എതിർത്ത് ഇസ്രയേൽ രംഗത്ത്. ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലെ സുരക്ഷാ ചുമതലകളിൽ പാക്കിസ്ഥാൻ സൈന്യം ഇടപെടുന്നതിൽ ഇസ്രയേലിനു താൽപര്യമില്ല, പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരസംഘടനകൾക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഇസ്രായേലിന്റെ നിലപാട്.
അതുപോലെ ഗാസയിൽ രാഷ്ട്രീയമോ പുനർനിർമാണമോ ആരംഭിക്കുന്നതിനു മുൻപ് ഹമാസ് പൂർണമായി ഇല്ലാതാക്കേണ്ടതുണ്ട്. റൂവൻ അസർ പറഞ്ഞു. ഗാസയിലെ പുനർനിർമാണത്തിനും സമാധാനത്തിനുമായി രൂപീകരിക്കുന്ന സേനയിലേക്ക് സൈന്യത്തെ വിട്ടുനൽകാൻ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ യുഎസ് സമീപിച്ചുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“മുന്നോട്ട് പോകാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന് മുമ്പ് ഹമാസ് പൂർണമായി ഇല്ലാതാക്കണം. അതിന് മറ്റൊരു വഴിയില്ല,” റൂവൻ അസാർ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഗാസയിൽ സമാധാനവും പുനർനിർമാണവും ലക്ഷ്യമിട്ടുള്ള സേനയ്ക്ക് വിവിധ രാജ്യങ്ങളോട് സൈനിക സഹായം തേടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. എന്നാൽ ഹമാസിനെതിരെ നേരിട്ട് പോരാടാൻ പല രാജ്യങ്ങളും തയ്യാറല്ല, അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ സമാധാന സേന എന്ന ആശയം പ്രായോഗികമല്ലെന്നും ഇസ്രായേൽ അംബാസഡർ വ്യക്തമാക്കി.
തീവ്രവാദ സംഘടനകളുമായുള്ള ബന്ധം മുൻനിർത്തി പാക്കിസ്ഥാൻ സൈന്യത്തെ ഗാസയിൽ വിന്യസിക്കുന്നതിൽ ഇസ്രയേലിന് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അംബാസഡറുടെ മറുപടി. വിശ്വാസമുള്ളതും നയതന്ത്ര ബന്ധമുള്ളതുമായ രാജ്യങ്ങളുമായി മാത്രമേ ഇത്തരത്തിലുള്ള സഹകരണം സാധ്യമാകൂവെന്നും, ഇപ്പോഴത് പാക്കിസ്ഥാനുമായി നിലനിൽക്കുന്ന സാഹചര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ ഇസ്രായേലിന്റെ മുൻഗണനകൾ ഹമാസ് പിടിച്ചെടുത്ത എല്ലാ ബന്ദികളെ മോചിപ്പിക്കുക, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുക, ഹമാസിന്റെ സൈനിക-രാഷ്ട്രീയ ഘടന പൂർണമായി തകർക്കുക എന്നിവയാണെന്നും റൂവൻ അസാർ പറഞ്ഞു.“ഹമാസ് ഇല്ലാതാകാതെ ഒരു പദ്ധതിയുടെയും രണ്ടാം ഘട്ടം നടപ്പാക്കാൻ കഴിയില്ല. അന്താരാഷ്ട്ര സമ്മർദ്ദം ഫലപ്രദമാകാത്ത പക്ഷം, ഇസ്രായേൽ ഏകപക്ഷീയമായി നടപടിയെടുക്കാൻ നിർബന്ധിതമാകും- അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള സുരക്ഷാ ആശങ്കകളെക്കുറിച്ചും റൂവൻ അസാർ പ്രതികരിച്ചു. ഇന്ത്യ ഈ വിഷയങ്ങൾ ഗൗരവത്തോടെ കാണുന്നുണ്ടെന്ന വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. ഹമാസിനെ ഇന്ത്യ ഔദ്യോഗികമായി നിരോധിക്കണമോയെന്ന ചോദ്യത്തിന്, “വ്യക്തമായ ഭീഷണി നിലവിലുണ്ട്, എന്നാൽ തീരുമാനമെടുക്കേണ്ടത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്,” ഇസ്രായേൽ അംബാസഡർ പറഞ്ഞു.
















































