ടെൽ അവീവ്: വംശഹത്യ ആരോപിച്ച് ഹമാസിൽ നടത്തിയ കൂട്ടക്കുരുതിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മന്ത്രിമാരും മറുപടി പറയണമെന്ന് തുർക്കി. നെതന്യാഹുവിനും മന്ത്രിമാർക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവിലാണ് തുർക്കി ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐഡിഎഫ്(ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
അറസ്റ്റ് വാറണ്ടിൽ ആകെ 37 പ്രതികളുണ്ടെന്ന് ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു, എന്നാൽ പൂർണ്ണമായ പട്ടിക നൽകിയിട്ടില്ല. ഇസ്രയേൽ ഗാസയിൽ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നും തുർക്കി പറഞ്ഞു.
അതേസമയം തുർക്കിയുടെ നടപടിയെ വളരെ പുച്ഛത്തോടെ കാണുന്നുവെന്ന് ഇസ്രയേൽ മറുപടി പ്രസ്താവനയിൽ പറഞ്ഞു. ഒരു സ്വേച്ഛാധിപതിയുടെ (തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ) ഏറ്റവും പുതിയ പിആർ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇസ്രയേൽ ഈ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും വ്യക്തമാക്കി.
ഗാസ മുനമ്പിൽ തുർക്കി നിർമിക്കുകയും മാർച്ചിൽ ഇസ്രയേൽ ബോംബിടുകയും ചെയ്ത ‘തുർക്കി- പലസ്തീൻ സൗഹൃദ ആശുപത്രിയെ’ കുറിച്ചും പ്രസ്താവനയിൽ പരാമർശിക്കുന്നു. എന്നാൽ, ഈ ആശുപത്രി ഉപയോഗിച്ചിരുന്നത് ഹമാസ് ആണെന്ന് ഇസ്രയേൽ പ്രതിരോധ സേന അന്ന് പറഞ്ഞിരുന്നു. ഇസ്രയേലിന്റെ വലിയ വിമർശകനായ ഉർദുഗാൻ കാലങ്ങളായി ഹമാസിനെ പിന്തുണയ്ക്കുകയാണ്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ തുർക്കിയും കക്ഷി ചേർന്നിരുന്നു.
അതേസമയം, നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച തുർക്കിയുടെ നടപടിയെ ഹമാസ് സ്വാഗതം ചെയ്തു. അടിച്ചമർത്തപ്പെട്ട പലസ്തീൻ ജനതയ്ക്ക് വേണ്ടി നീതി, മനുഷ്യത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ പ്രതിജ്ഞാബദ്ധരായ തുർക്കിയുടെ നടപടി പ്രശംസനീയമാണെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്.

















































