ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായതോടെ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട്. ടെഹ്‌റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗവും വെടിയേറ്റാണ് കൊലപ്പെട്ടത്. പ്രതിഷേധം ആരംഭിച്ചതു മുതൽ 63 മരണം സംഭവിച്ചുവെന്നാണ് മനുഷ്യവകാശ സംഘടന പുറത്തുവിടുന്ന കണക്ക്.
അതേസമയം കലാപം അടിച്ചമർത്താൻ വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ മൊത്തം ഇന്റർനെറ്റും ഫോൺ കണക്ഷനുകളും ഭരണകൂടം നിർത്തലാക്കിയിരിക്കുകയാണ്. 31 പ്രവിശ്യകളിലും വ്യാപിച്ചുകിടക്കുന്ന പ്രക്ഷോഭം, തകർച്ചയിലായ ഇറാന്റെ സമ്പദ് വ്യവസ്ഥയ്ക്കെതിരായ പ്രതിഷേധമായി ആരംഭിച്ചതാണ്. 1979 മുതൽ ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത ഭരണകൂടത്തെ താഴെയിറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
‘സ്വാതന്ത്ര്യം, ഏകാധിപതിക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തെരുവുകളിൽ മുഴങ്ങുന്നത്. കലാപത്തെ അടിച്ചമർത്താൻ സർക്കാർ എല്ലാവിധത്തിലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച അധികാരികൾ ആശുപത്രികളിൽനിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്തതായി ഡോക്ടർ ടൈം മാസികയോട് പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും യുവജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ വടക്കൻ ടെഹ്റാനിലെ ഒരു പോലീസ് സ്റ്റേഷന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ മെഷീൻ ഗൺ ആക്രമണം നടത്തി. അവർ സംഭവ സ്ഥലത്തുതന്നെ മരിച്ചുവെന്നും റിപ്പോർട്ട്.
2022-ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമീനി എന്ന യുവതി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ ദേശീയ പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
അതേസമയം പൊതുജനങ്ങളുടെ രോഷത്തോടൊപ്പം അമേരിക്കയുടെ കർശനമായ ആവശ്യങ്ങൾക്കും ഭീഷണികൾക്കും ഇടയിൽ കുടുങ്ങിയിരിക്കുകയാണ് സർക്കാർ. പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ടുപോവുകയും അമേരിക്ക ഇടപെടുകയും ചെയ്താൽ അവസ്ഥ അപകടകരമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇസ്രയേലും അമേരിക്കയും ചേർന്ന് ജൂണിൽ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതൽ വഷളായിട്ടുണ്ട്. അതിനിടെയാണ് പൊതുജനം ഭരണകൂട്ടത്തിനെതിരേ തെരുവിലിറങ്ങിയത്. വെനസ്വേലയിലെ യുഎസ് നടപടിക്ക് ശേഷം, ‘ട്രംപിന്റെ ആക്രമണോത്സുക വിദേശനയത്തിന്റെ അടുത്ത ഇര’ ഇറാൻ ആയേക്കാമെന്ന്അധികൃതർ ഭയപ്പെടുന്നുവെന്ന് റോയിറ്റേഴ്സ് വെളിപ്പെടുത്തി.
മാത്രമല്ല ഇറാനിയൻ സമ്പദ് വ്യവസ്ഥ വർഷങ്ങളായി യുഎസ് അടക്കമുള്ള പാശ്ചാത്യ ശക്തികളുടെ ഉപരോധങ്ങളാൽ തകർന്ന അവസ്ഥയിലാണ്. കൂടാതെ, ആണവകേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരുമുൾപ്പെടെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആണവകേന്ദ്രങ്ങൾക്കും തകരാറുകൾ സംഭവിച്ചു. ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചതായുള്ള വാർത്തയും പുറത്തുവന്നു.
















































