ടെഹ്‌റാൻ: ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ തൂക്കിലേറ്റാൻ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പ്രക്ഷോഭകരെ തൂക്കിക്കൊല്ലുമെന്ന ഉന്നത ഇറാനിയൻ ന്യായാധിപൻ അടുത്തയിടെ പ്രസ്താവനയിറക്കിയിരുന്നു. പ്രതിഷേധക്കാരെ തൂക്കിലേറ്റാൻ വിധിച്ചാൽ യുഎസ് ഇടപെടുമെന്ന പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പും നല്കിയിരുന്നു. അതിനു പിന്നാലെ തങ്ങൾ അതിനു മുതിരില്ലയെന്ന് ഇറാൻ തനിക്ക് ഉറപ്പു നൽകിയെന്നും ട്രംപ് പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും ഇക്കാര്യം ആവർത്തിച്ചിരിക്കുന്നത്. ‘തൂക്കിലേറ്റുന്ന കാര്യം ചിത്രത്തിലേയില്ല.’ അദ്ദേഹം പറഞ്ഞു. ഉന്നത ഇറാനിയൻ ന്യായാധിപന്റെ പ്രസ്താവനയോടുള്ള പരസ്യമായി വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി.
അതേസമയം, ഇറാനിൽ പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നത് നിർത്തിയെന്ന വിവരം ലഭിച്ചിട്ടുണ്ടെങ്കിലും , അവിടുത്തെ സൈനിക നടപടികൾ ‘ഞാൻ നിരീക്ഷിക്കും’ എന്ന് ട്രംപ് പറഞ്ഞു. സമീപ ദിവസങ്ങളിൽ ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെതിരെ ഇറാനിയൻ ജനതയെ സഹായിക്കുമെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ‘കൊലപാതകം നിർത്തിയിട്ടുണ്ടെന്നും വധശിക്ഷ നടപ്പാക്കില്ലെന്നും അവർ പറയുന്നു. ധാരാളം വധശിക്ഷകൾ നടപ്പാക്കാൻ അവർ പദ്ധതിയിട്ടിരുന്നു, എന്നാൽ അവ നടപ്പാക്കില്ല- ഞങ്ങൾ അത് കണ്ടെത്തും.’ ട്രംപ് പറഞ്ഞു.
കുറഞ്ഞത് 3,428 പേരെങ്കിലും ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.ടെഹ്‌റാനിൽനിന്നു പുറത്തുവന്ന പുതിയ വീഡിയോകളിൽ കഹ്രിസാക് മോർച്ചറിയിൽ കറുത്ത ബാഗുകളിൽ പൊതിഞ്ഞ മൃതദേഹങ്ങൾ നിരനിരയായി വച്ചിരിക്കുന്നത് കാണാനാകും. പ്രിയപ്പെട്ടവരെ തിരയുന്ന ദുഃഖിതരായ ബന്ധുക്കളും ആ ദൃശ്യങ്ങളിലുണ്ട്.
ഇറാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ‘റിപ്പോർട്ട് ചെയ്ത മരണങ്ങളുടെയും പരിക്കുകളുടെയും ഉയർന്ന കണക്കുകൾ അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണ്, അടിച്ചമർത്തൽ തുടർന്നാൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തും’. ജി7 രാജ്യങ്ങൾ ഇറാന് മുന്നറിയിപ്പ് നൽകി.
അതേസമയം, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പ്രക്ഷോഭകർക്കു പിന്തുണ പ്രഖ്യാപിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്ക് നിലനിൽക്കാൻ അർഹതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്രയും വർഷം നിലനിന്നതും ഇത്രയധികം ആളുകളെ കൊന്നൊടുക്കിയതുമായ ഒരു ഭരണകൂടം നിലനിൽക്കാൻ അർഹതയില്ലാത്തതാണ്. മാറ്റങ്ങൾ ആവശ്യമാണ്. യൂറോപ്പിലും മാറ്റങ്ങൾ വരണം. റഷ്യ ആരംഭിച്ചതും ഇപ്പോഴും നീട്ടിക്കൊണ്ടുപോകുന്നതുമായ രക്തച്ചൊരിച്ചിൽ അവസാനിക്കണം.’ അദ്ദേഹം പറഞ്ഞു.
















































