ടെഹ്റാന്‍: അമേരിക്കൻ സൈനികരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയാണ് ഇക്കാര്യം പറഞ്ഞത്. അന്തരിച്ച പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിശ്വസ്തരിൽ ഒരാൾകൂടിയാണ് ലാറിജാനി.
പിടികൂടിയ സൈനികരെ ജയിലുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎസ് സെൻട്രൽ കമാൻഡ് ഈ അവകാശവാദം നിരാകരിച്ചു. ഇതുവരെ ഒരു യുഎസ് സൈനികനെയും തടവിലാക്കിയിട്ടില്ലെന്നും അവരുടെ നുണകളിലൊന്നാണ് അതെന്നുമാണ് അവരുടെ നിലപാട്.
ഇറാന്റെ പ്രത്യാക്രമണത്തിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിനെക്കുറിച്ച് തെറ്റിദ്ധാരണ പടർത്തുന്ന നിലപാടാണ് ട്രംപ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ലാറിജാനി പറഞ്ഞു. യഥാർഥത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 500ന് മുകളിലായെന്നും ലാറിജാനി നേരത്തേ ആരോപിച്ചിരുന്നു.
‘‘ഇനി മറ്റു പലകാര്യങ്ങളിൽപ്പെടുത്തി യുഎസ് പതുക്കെ ഈ മരണസംഖ്യ ഉയർത്തും. അപകട മരണമെന്നോ വ്യാജമായി ഉണ്ടാക്കിയ അപകടങ്ങളെന്നോ ആകാം ഇനി ഇവയെ വിളിക്കുക. നിരവധി അമേരിക്കൻ സൈനികരെ തടവുകാരാക്കിയെന്ന് എനിക്ക് റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. എന്നാൽ അവർ സൈനിക നടപടികളിൽ കൊല്ലപ്പെട്ടുവെന്ന് അമേരിക്കക്കാർ അവകാശവാദം ഉയർത്തും. അവരെത്രയൊക്കെ ശ്രമിച്ചാലും സത്യത്തെ അധികകാലം മൂടിവയ്ക്കാനാകില്ല.’’ – എക്സിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.















































