ക്രിക്കറ്റ് ലഹരിയിൽ ആറാടാൻ ഇന്ത്യയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് 7.30ന് കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് മാമാങ്കത്തിന്റെ കൊടിയേറ്റ്. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. ജനപ്രിയ ലീഗായ ഐപിഎല്ലിന്റെ 18-ാം പതിപ്പിനാണ് ഇന്ന് കൊൽക്കത്തയിൽ തിരിതെളിയുക.
ഇരു ടീമുകളും ഈ സീസണിൽ പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് ഇറങ്ങുകയെന്നതും ഉദ്യോഗം ജനിപ്പിക്കുന്നു. നിലവിലെ ചാംപ്യന്മാരായ കൊൽക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോൾ രജത് പാട്ടിദാറിന് കീഴിലാണ് ആർസിബി ഇറങ്ങുന്നത്. കന്നി ഐപിഎൽ കിരീടമെന്ന വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അറുതി വരുത്തുകയെന്ന വലിയ ലക്ഷ്യത്തോടൊണ് വിരാട് കോഹ്‌ലിയും സംഘവും ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ മൂന്നാം ഐപിഎൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ഹെഡ് ടു ഹെഡ് മത്സരങ്ങളിൽ കെകെആറിന് മികച്ച റെക്കോർഡുകളാണ്കൊ ൽക്കത്തയ്ക്കുള്ളത്. ആർസിബിക്കെതിരെ നടന്ന 34 മത്സരങ്ങളിൽ 20ലും കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം. 2022ൽ ആണ് ആർസിബി അവസാനമായി കെകെആറിനെ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുന്ന വിരാട് കോഹ്ലി ആകും ഇന്നത്തെ ശ്രദ്ധാകേന്ദ്രം.
IPL ഒറ്റനോട്ടത്തിൽ
അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. പ്രാഥമികറൗണ്ടിൽ സ്വന്തം ഗ്രൂപ്പിലെ ടീമുകളുമായി രണ്ടു മത്സരങ്ങൾ വീതം കളിക്കും. എതിർ ഗ്രൂപ്പിലെ ഒരു ടീമിനെതിരേ രണ്ടും മറ്റു നാല് ടീമുകൾക്കെതിരേ ഒരു മത്സരവുമുണ്ടാകും. ഓരോ ടീമിനും ആകെ 14 മത്സരങ്ങളുണ്ടാവും. ഇതിൽ കൂടുതൽ പോയിന്റുനേടുന്ന നാല് ടീമുകൾ പ്ലേ ഓഫിലെത്തും. ആകെ 74 മത്സരങ്ങളുണ്ടാകും. മേയ് 25ന് ഈഡൻ ഗാർഡൻസിലാണ് കലാശപ്പോരാട്ടം.
അതേസമയം ഐപിഎൽ മത്സരങ്ങൾ സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം സംപ്രേഷണംചെയ്യും. പത്ത് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടാനിറങ്ങുന്നത്. അതിൽ രാജസ്ഥാൻ ടീമിനെ നയിക്കുന്നത് മലയാളിയായ സഞ്ജു സാംസണാണ്. എന്നാൽ പരുക്കിന്റെ പിടിയിൽ നിന്നും പൂർണമായി മുക്തി നേടാത്ത സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററായി മാത്രമാകും കളത്തിലിറങ്ങുക. സഞ്ജുവിന് പകരം നായകനായി പരാഗാണെത്തുക.
മഴ ചതിക്കുമോ ആശാനേ…
ഐപിഎൽ പൂരം കൊടിയേറുന്നതിനിടെ ആരാധകർക്ക് ആശങ്ക പകരുന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കനത്ത മഴ ഭീഷണി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ച് 20 മുതൽ 22 വരെ പശ്ചിമ ബംഗാളിൽ ഉടനീളം കനത്ത ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇത് കൊൽക്കത്ത- ആർസിബി പോരാട്ടത്തെ തടസ്സപ്പെടുത്തിയേക്കാമെന്നും അലിപൂർ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
അങ്ങനെ മഴ പെയ്താൽ ഉദ്ഘാടന മത്സരം തന്നെ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ആരാധകർ. ഐപിഎല്ലിൽ ഉദ്ഘാടന മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ റിസർവ് ഡേ ഉണ്ടായിരിക്കില്ല. ഒരു മണിക്കൂർ വൈകിയെങ്കിലും മത്സരം ആരംഭിക്കാനായാൽ മത്സരം പൂർണ്ണമായും നടത്താൻ സാധിക്കും. ഒരു മണിക്കൂറും കഴിഞ്ഞാണ് മത്സരം ആരംഭിക്കുന്നതെങ്കിൽ വൈകുന്നതിന് അനുസരിച്ച് ഓവറുകൾ വെട്ടിക്കുറക്കേണ്ടതായി വരും.
അഞ്ച് ഓവറുകളെങ്കിലും മത്സരം നടത്താൻ സാധിക്കുമോയെന്നായിരിക്കും ആദ്യം പരിശോധിക്കുക. അതിനും സാധിച്ചില്ലെങ്കിൽ മാത്രമാണ് മത്സരം ഉപേക്ഷിക്കുക. മത്സരം ഉപേക്ഷിച്ചാൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയാണ് ചെയ്യുക. പ്ലേ ഓഫിലും ഫൈനലിലും മാത്രമാണ് റിസർവ് ഡേ ഉണ്ടാവുക.