തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയ്ക്ക് മയക്കുവെടി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയും സംഘവും മുറിവേറ്റ കാട്ടാനയ്ക്കരികിലെത്തി മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങൾ രാവിലെ ആരംഭിച്ചിരുന്നു.
അതേ സമയം ആന തുരുത്തിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. തുരുത്തിൽവച്ച് മയക്കുവെടിവയ്ക്കുക പ്രായോഗികമല്ലാതിരുന്നതിനാൽ ആന പ്ലാന്റേഷന് സമീപത്തേക്ക് നീങ്ങുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു സംഘം. പ്ലാന്റേഷന് സമീപത്തേക്ക് ആന നീങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്.
അതേസമയം മയക്കുവെടി ആനയ്ക്ക് കൊണ്ടില്ല എന്നാണ് വിവരം. ആന ഉൾവനത്തിലേക്ക് കയറിത്തുടങ്ങിയതോടെ ദൗത്യസംഘം അടുത്ത നടപടികളിലേക്ക് കടന്നു. മയക്കുവെടിവച്ച് മയക്കിയതിന് ശേഷം ആനയ്ക്ക് ചികിത്സ നൽകാനായിരുന്നു ആദ്യം പദ്ധതിയിട്ടത്.