പട്ന: ഡൽഹിയിൽ നിന്നും പട്നയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നു തെന്നി മാറി. ലാൻഡിങ് പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വിമാനം തിരികെ പറപ്പിക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ടു ഇൻഡിഗോയുടെ A320 എന്ന വിമാനമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
വിമാനം ഇറങ്ങേണ്ട പരിധിയിൽ നിന്നും പരമാവധി ദൂരം പിന്നിട്ടാണ് ലാൻഡിങ്ങിന് ഒരുങ്ങിയത്. അപകടം ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വീണ്ടും പറന്നുയരാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് മൂന്ന് തവണ വിമാനത്താവളത്തിനു മുകളിൽ വട്ടം ചുറ്റി. ശേഷം ലാൻഡിങ് പൂർത്തിയാക്കുകയായിരുന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങി.
അതേസമയം ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം എൻജിൻ പ്രശ്നത്തെ തുടർന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഒരു എൻജിൻ തകരാറിലായതിനാലാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ജൂലൈ 16ന് ഡൽഹിയിൽ നിന്ന് ഗോവയിലെ മനോഹർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ 6ഇ 6271 വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തി. നടപടിക്രമങ്ങൾ പാലിച്ച്, വിമാനം വഴിതിരിച്ചുവിട്ട് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി എന്നാണ് ഇൻഡിഗോയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നത്.
ഒരു എൻജിൻ തകരാറിലായി.., ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി… സാങ്കേതിക തകരാർ മാത്രമെന്ന് കമ്പനി