ലഖ്‌നൗ: കാൺപുരിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനം ഒരു എലി കാരണം വൈകിയത് 3 മണിക്കൂർ. ഉത്തർ പ്രദേശിലെ കാൺപുർ വിമാനത്താവളത്തിലാണ് സംഭവം. കാൺപുരിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിനുള്ളിലാണ് എലി കയറിക്കൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.55-നായിരുന്നു സംഭവം. 140 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഏറെ നേരം വൈകിയത്. വിമാനത്തിനുള്ളിൽ എലി പാഞ്ഞുനടക്കുന്നത് കണ്ട കാര്യം യാത്രക്കാരിൽ ഒരാളാണ് കാബിൻ ക്രൂവിനെ അറിയിച്ചത്. എന്നാൽ ഈ സമയം യാത്രക്കാർ മുഴുവനും വിമാനത്തിനുള്ളിൽ പ്രവേശിച്ചിരുന്നു.
എന്നാൽ എലിയെ കണ്ടതോടെ മുഴുവൻ യാത്രക്കാരെയും വിമാനത്തിനു പുറത്തിറക്കി. ശേഷം എലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പ്രശ്‌നത്തിന് പരിഹാരംകണ്ടു. വൈകുന്നേരം 4.10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം, കാൺപുരിൽനിന്ന് തിരിച്ചത് 6.03-നായിരുന്നു. വൈകിട്ട് 7.16-ന് വിമാനം ഡൽഹിയിലെത്തി.