ഗുവാഹത്തി: ഏറെ വാദ പ്രതിവാദങ്ങൾക്കും തിരസ്കരണങ്ങൾക്കും ശേഷമായിരുന്നു മലയാളി താരത്തിന്റെ ലോകകപ്പ് ടീമിലേക്കുള്ള എൻട്രി. എന്നാൽ ട്രയൽ റൺ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ സഞ്ജു അമ്പേ പരാജയപ്പെടുന്നതാണ് കിവീസിനെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്. 2 മത്സരങ്ങളിൽനിന്നായി വെറും 16 റൺസായിരുന്നു താരത്തിന്റെ സംഭാവന. അതും 2 ഓവറിന് അപ്പുറത്തേക്കു നീളാത്ത 2 ഇന്നിങ്സുകളിലായി…
ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്നു ഗുവാഹത്തിയിൽ നടക്കുമ്പോൾ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈൽ ഇന്നിങ്സിനായാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്നുകൂടി കളിക്കളത്തിൽ ശോഭിക്കാനായില്ലെങ്കിൽ പറഞ്ഞ് ഉയരത്തിലെത്തിച്ച ആരാധകർതന്നെ താഴേക്കിടുമെന്ന് ഉറപ്പ്.
രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ വെള്ളിയാഴ്ച റായ്പുരിൽ വെടിക്കെട്ട് തീർത്തപ്പോൾ പ്രതിസന്ധിയിലായതു സഞ്ജുവാണ്. ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ, ഓപ്പണിങ് ബാറ്റർ എന്നീ സ്ഥാനങ്ങൾ സുരക്ഷിതമാക്കണമെങ്കിൽ പരമ്പരയിലെ അവശേഷിക്കുന്ന 3 മത്സരങ്ങളും സഞ്ജുവിന് നിർണായകമാണ്.
അതേസമയം ന്യൂസീലൻഡീനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബോൾ ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കിവീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. പേസർ അർഷ്‌ദീപ് സിങ്ങിനും സ്പിന്നർ വരുൺ ചക്രവർത്തിക്കും വിശ്രമം അനുവദിച്ചപ്പോൾ പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തി. വരുണിനു പകരം രവി ബിഷ്ണോയ്ക്കും ഇടം ലഭിച്ചു. ന്യൂസീലൻഡ് ടീമിൽ ഒരു മാറ്റമാണുള്ളത്. കൈൽ ജാമിസൻ ടീമിലേക്കു തിരിച്ചെത്തിയപ്പോൾ സക്കറി ഫൗക്സ് പുറത്തായി.














































