ഷാങ്ഹായ്: ടിയാൻജിനിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ- യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ രംഗത്ത്. 21-ാം നൂറ്റാണ്ടിനെ നിർവചിക്കാൻ പോന്നതാണ് ഇന്ത്യ- യുഎസ് ബന്ധമെന്ന് റൂബിയോ പറഞ്ഞു. മാത്രമല്ല യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് എന്നിവർ തമ്മിലുള്ള ചർച്ചകൾ നടത്തുകയും ചെയ്യുമ്പോഴാണ് റൂബിയോയുടെ പരാമർശം.
‘നമ്മെ മുന്നോട്ടുനയിക്കുന്ന ആളുകൾ, പുരോഗതി, സാധ്യതകൾ എന്നിവയിലാണ് ഈ മാസം ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങളും സംരംഭകത്വവും മുതൽ പ്രതിരോധവും ഉഭയകക്ഷി ബന്ധങ്ങളുംവരെ, നമ്മുടെ രണ്ട് ജനതകൾ തമ്മിൽ നിലനിൽക്കുന്ന സൗഹൃദമാണ് ഈ യാത്രയ്ക്ക് ഊർജം പകരുന്നത്’ എന്ന് റൂബിയോ പറഞ്ഞതായി യുഎസ് എംബസി എക്‌സിൽ പോസ്റ്റുചെയ്തു.
അതേസമയം ടിയാൻജിനിൽ മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകൾക്ക് മുൻപാണ് എക്‌സിലെ പുതിയ പോസ്റ്റ്. ഇന്ത്യക്കുമേലുള്ള തീരുവ കുത്തനെ കൂട്ടിയതിന്റെ പശ്ചാതലത്തിൽ എസ്‌സിഒ ഉച്ചകോടിയും അതിൽ മോദിയും പുടിനും ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും വലിയ വാർത്തയായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്നാണ് തീരുവ 50 ശതമാനമാക്കി ഉയർത്തിയത്. എന്നാൽ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുമെന്ന നിലപാടിൽനിന്ന് ഇന്ത്യ പിറകോട്ട് പോയില്ല. യുഎസ് ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും റഷ്യയുമായുള്ള ദീർഘകാലബന്ധം തകർക്കില്ലെന്നും ഇന്ത്യ സൂചന നൽകുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്ത്യയെ പിണക്കാതെ കൂടെ നിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പുതിയ പോസ്റ്റെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
The partnership between the United States and India continues to reach new heights — a defining relationship of the 21st century. This month, we’re spotlighting the people, progress, and possibilities driving us forward. From innovation and entrepreneurship to defense and… pic.twitter.com/tjd1tgxNXi
— U.S. Embassy India (@USAndIndia) September 1, 2025