ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിന് തീരുമാനമെടുത്തതിന് പിന്നിൽ മൂന്നാംകക്ഷിയുടെ ഇടപെടലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ അവകാശവാദം തെറ്റാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്ത്യാടുഡേ’ റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ്) നേരിട്ടുനടത്തിയ ചർച്ചകളുടെ ഫലമാണ് വെടിനിർത്തലിൽ കലാശിച്ചത്. ഇത്തരം അവകാശവാദങ്ങൾ ഇന്ത്യ നേരത്തെ നിഷേധിച്ചതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മൂന്നാമതൊരു കക്ഷിക്ക് ഒരു തരത്തിലും പങ്കില്ല. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരുരാജ്യങ്ങളിലെ ഡിജിഎംഒമാർ നേരിട്ട് നടത്തിയ ചർച്ചകളെത്തുടർന്നാണ് ഉണ്ടായതെന്ന് നേരത്തേ പലതവണ വ്യക്തമാക്കിയതാണെന്നും സർക്കാർ വൃത്തങ്ങൾ ഇന്ത്യാടുഡേയോട് പ്രതികരിച്ചു.
അതേസമയം ഇന്ത്യ- പാക് സംഘർഷം ഉൾപ്പെടെ ആഗോളതലത്തിൽ പലസംഘർഷങ്ങൾക്കും ചൈന മധ്യസ്ഥത വഹിച്ചെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ അവകാശവാദം. ചെെനയ്ക്കു മുൻപ് ഇന്ത്യ പാക് വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തരം അവകാശവാദങ്ങളെ ഇന്ത്യ നേരത്തേയും പൂർണമായും തള്ളിക്കളഞ്ഞിരുന്നു.

















































