ന്യൂഡൽഹി: അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ച സംഭവത്തിൽ ചൈനയെ ശക്തിമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യക്കാരിയെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും അരുണാചൽ സ്വദേശിക്ക് ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
യാത്രക്കാരിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കൺവെൻഷൻ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാരുടെ അവകാശം സംബന്ധിച്ചുള്ള ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകളിലെ ധാരണയുടെ ലംഘനമാണിത്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അനാവശ്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അരുണാചൽ സ്വദേശിയായ പ്രേമ തോങ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽനിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ചൈനയിലെ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ ദുരനുഭവമുണ്ടായത്.
പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം.


















































