വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെ നടപടിയെടുത്ത അമേരിക്ക എന്തുകൊണ്ട് റഷ്യയ്ക്കെതിരെ നടപടിയെടുത്തില്ലെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നതിന് ഇന്ത്യയ്ക്ക് മേൽ ഇരട്ട ഉപരോധം ഏർപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകനോട് ട്രംപ് രോഷം പ്രകടിപ്പിച്ചത്.
താങ്കൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോടുള്ള നിരാശയും അതൃപ്തിയും പ്രകടിപ്പിച്ചതല്ലാതെ റഷ്യയ്‌ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലല്ലോ എന്ന് ഒരു പോളീഷ് മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. പോളണ്ട് പ്രസിഡന്റ് കരോൾ നവ്‌റോക്കിയുമായി ഓവൽ ഓഫീസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം.
‘നടപടിയൊന്നും എടുത്തില്ലെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? ചൈനയ്ക്ക് പുറമെ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങുന്ന ഇന്ത്യയുടെ മേൽ ദ്വിതീയ ഉപരോധം ഏർപ്പെടുത്തിയത് ഒരു നടപടിയല്ലെന്ന് നിങ്ങൾ പറയുമോ? അത് റഷ്യക്ക് നൂറുകണക്കിന് ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കി. ഇതിനെയാണോ നിങ്ങൾ നടപടിയല്ലെന്ന് പറയുന്നത്? ഞാൻ ഇതുവരെ രണ്ടാം ഘട്ടമോ മൂന്നാം ഘട്ടമോ ചെയ്തിട്ടില്ല. എന്നാൽ നടപടിയൊന്നും ഇല്ലെന്ന് നിങ്ങൾ പറയുമ്പോൾ, നിങ്ങൾ ഒരു പുതിയ ജോലി കണ്ടെത്തണമെന്നാണ് എനിക്ക് പറയാനുള്ളത്’ ട്രംപ് പോളിഷ് റിപ്പോർട്ടറോട് പറഞ്ഞു.
റഷ്യയിൽ നിന്നു എണ്ണ ഇന്ത്യ വാങ്ങിയാൽ, ഇന്ത്യക്ക് വലിയ പ്രശ്നങ്ങളുണ്ടാകും, അതാണ് സംഭവിക്കുന്നത്. ഇക്കാര്യം രണ്ടാഴ്ച മുൻപേ താൻ പറഞ്ഞിട്ടുണ്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ചൈനയുടെ സൈനിക പരേഡിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിനൊപ്പം പുതിനും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും പങ്കെടുത്തതിനെക്കുറിച്ചും, മോസ്‌കോയ്‌ക്കെതിരെ ദ്വിതീയ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടോയെന്നും ചോദിച്ചപ്പോൾ ട്രംപ് ഇങ്ങനെ മറുപടി നൽകി, ‘ശരിയാണ്, ഇന്ത്യയുടെ കാര്യത്തിൽ ഞാനത് ഇതിനകം ചെയ്തിട്ടുണ്ട്. മറ്റ് കാര്യങ്ങളിലും ഞങ്ങൾ അത് ചെയ്യും’- ട്രംപ് പറഞ്ഞു.