വാഷിങ്ടൻ: വലതു കയ്യിൽ വലിയ കറുത്ത പാട് കണ്ടെത്തിയതോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യസ്‌ഥിതി സംബന്ധിച്ച് ചോദ്യങ്ങളുയരുന്നു. വലതു കയ്യുടെ പിൻ വശത്താണ് കറുത്ത പാട്. അടുത്തിടെ നടന്ന ചില കൂടിക്കാഴ്ചകളിൽ ഈ പാട് മേക്കപ്പിട്ട് മറച്ചുവയ്‌ക്കുകയോ ഇടതു കൈ കൊണ്ടു മറച്ചുപിടിക്കുകയോ ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു.
ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുള്ള കൂടിക്കാഴ്‌ചയിലാണ് കറുത്തപാട് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തിങ്കളാഴ്‌ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ചെ മ്യങ്ങുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ നിന്നുള്ള ചിത്രങ്ങളിൽ ഈ പാട് വ്യക്തമായി കാണാം.
അടിക്കടിയുള്ള ഹസ്‌തദാനവും ഹൃദയരോഗ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിൻ കഴിക്കുന്നതിന്റെയും ഭാഗമായാണ് കറുത്ത പാട് കാണപ്പെടുന്നതെന്നാണ് ട്രംപിന്റെ ഡോക്‌ടർ സീൻ ബാർബബെല്ല വ്യക്തമാക്കിയത് . നിരവധി ആളുകളുമായി ഹസ്‌തദാനം ചെയ്യുന്നതിന്റെ ഫലമായാണ് കറുത്ത പാട് രൂപപ്പെട്ടതെന്നായിരുന്നു ഇതേകുറിച്ചുള്ള ചോദ്യത്തിന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിന്റെ പ്രതികരണം.