കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ച സിപിഎമ്മിന് കോർപ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് കോർപ്പറേഷൻ പിഴ ചുമത്തിയിരിക്കുന്നത്.
ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നു. സിപിഎം നേതൃത്വം അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തിൽ കോർപ്പറേഷൻ തീരുമാനമെടുത്തില്ല. അതേസമയം കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം.
അതേസമയം കൊല്ലം നഗരം മുഴുവൻ ബോർഡുകൾ സ്ഥാപിച്ചതിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഫ്ലക്സ് ബോർഡുകൾ സംബന്ധിച്ച് ഇരുനൂറോളം പരാതികളാണ് തങ്ങൾക്ക് ലഭിച്ചതെന്നും എന്നാൽ അതിന് ഉത്തരവാദികളായവരുടെ പേര് പറയാൻ പരാതിക്കാർക്ക് പോലും ഭയമാണെന്നും ഹൈക്കോടതി വിലയിരുത്തി. ഡോക്ടർമാരും അഭിഭാഷകരും രാഷ്ട്രീയക്കാരുമൊക്കെയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാൽ പേടി മൂലം ബോർഡ് വച്ചവരുടെ പേര് പറയുന്നില്ല. ഭയത്തിലാണ് ഈ സംസ്ഥാനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അത് നല്ലതിനല്ല. പോലീസുകാർക്ക് പേടി, സെക്രട്ടറിമാർക്കും പേടി… എല്ലാവർക്കും പേടി. പേടിമൂലം നയിക്കപ്പെടുന്നത് ജനാധിപത്യമല്ല’’– അനധികൃത ബോർഡുകളും കൊടികളും സംബന്ധിച്ച ഹർജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
‘‘കൊല്ലത്തെ ബോർഡുകൾ നേരിട്ട് കണ്ടതാണ്. ബോർഡുകൾ നീക്കിയപ്പോൾ തിരുവനന്തപുരവും കൊച്ചിയുമൊക്കെ നല്ല ഭംഗിയായി. എന്നാൽ കൊല്ലത്തിന്റെ കാര്യത്തിൽ അത് പറയാനാകില്ല. കൊല്ലത്ത് വരുമ്പോൾ കണ്ണടച്ച് വരണം എന്ന് പറയരുത്. ഇവിടെ എന്തുമാവാം എന്നാണ് ഇപ്പോൾ കുട്ടികളെ കാണിക്കുന്നത്. അതാണ് കുട്ടികൾ കണ്ടുപഠിക്കുന്നത്. എന്നിട്ട് കുട്ടികളെ കുറ്റം പറയുകയാണ്. കുട്ടികൾക്ക് എന്തെങ്കിലും നല്ല മാതൃക കാണിച്ചുകൊടുക്കൂ. കോടതി ഉത്തരവുകളും സർക്കുലറുകളും വന്നിട്ടും അനധികൃതമായി ബോർഡുകൾ വീണ്ടും വരികയാണ്’’– കോടതി നിരീക്ഷിച്ചു.
നാൽപതാം വയസിൽ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ഫുട്ബോളിലേക്കുള്ള രണ്ടാംവരവ്, ലക്ഷ്യം ഏഷ്യൻകപ്പ് യോഗ്യത
തങ്ങൾ ഉത്തരവുകൾ പാസാക്കിയാൽ അത് ഏറ്റുമുട്ടലിലേക്കാണ് പോകുന്നതെന്ന് കോടതി പറഞ്ഞു. ആർക്കു വേണ്ടിയാണിത്. എന്ത് ജനാധിപത്യമാണ് ഇതുവഴി സൃഷ്ടിക്കുന്നത്. കോടതിയിൽ എല്ലാം സമ്മതിച്ചിട്ട് പിന്നിലൂടെ ഏറ്റുമുട്ടലിന് പോവുകയാണ്. പ്രമുഖ പാർട്ടികളാണ് ഈ അനധികൃത ബോർഡുകളും മറ്റും വയ്ക്കുന്നത്. തങ്ങൾക്ക് ഈ നിയമം ബാധകമല്ല. തങ്ങൾ നിയമത്തിനു മുകളിലാണ് എന്നാണ് അവർ കരുതുന്നത്. എന്നിട്ട് ഇത് ജനാധിപത്യമാണെന്നു പറയും.
ഭരണനിർവഹണത്തിന്റെ പിന്തുണയില്ലാതെ ജുഡീഷ്യറിക്ക് കൂടുതലൊന്നും ചെയ്യാനാകില്ല. ജുഡീഷ്യറിയെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അതിനെ ജനാധിപത്യമെന്നു പറയരുത്. അത് ഫാസിസമാണ്. കോടതി ഉത്തരവും സർക്കാർ സർക്കുലറും ഇറക്കുമെങ്കിലും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടി പോലും അത് നഗ്നമായി ലംഘിക്കുന്നു. സർക്കാർ സംവിധാനം കൂടെയുണ്ടെന്ന വിശ്വാസമുള്ളതിനാലാണ് അനധികൃതമായി ബോർഡ് വയ്ക്കുന്നത്. സ്വകാര്യ വ്യക്തികൾ ബോർഡ് വച്ചാൽ ജയിലിൽ പോകും. ഇക്കാര്യത്തിൽ കോടതിയെ എതിർക്കുന്നവരുമുണ്ട്. അത് ഹീറോയിസമാണെന്ന് വിചാരിക്കുന്നവരുമുണ്ട്. ശരിയായ മാതൃകയല്ല അവരുണ്ടാക്കുന്നത്. നീതിന്യായ സംവിധാനത്തെ പിന്തുണയ്ക്കുന്നില്ലെങ്കിൽ ഫാസിസമാണ്. ജുഡീഷ്യറിയെ കളിയാക്കുകയാണ് അവർ ചെയ്യുന്നതെന്നും കോടതി പറഞ്ഞു. ഇതിനു പിന്നാലെയാണ് നടപടിയുമായി കോർപ്പറേഷൻ രംഗത്തെത്തിയത്.