പ്രണവ് മോഹൻലാലിൻറെ ഗംഭീര അഭിനയ മികവിനെ പ്രകീർത്തിച്ച് സംവിധായകൻ രാജേഷ് അമനകര രംഗത്ത്. പ്രണവുമായുള്ള വർഷങ്ങൾ നീണ്ട ബന്ധവും ഷൂട്ടിങ്ങ് അനുഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ് രാജേഷ് പ്രണവിനെക്കുറിച്ച് പറയുന്നത്. രാജേഷ് അമനകര എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായി ചർച്ച ചെയ്യപ്പെടുകയാണ്. രാജേഷിൻറെ വാക്കുകളിലേക്ക്..
പ്രണവ് ഒരു അസാധാരണ ആക്ടർ ആണ്. നന്നായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഇൻ്റർനാഷണൽ ലെവൽ ആക്ടർ ആണ്. “പുനർജനി” എന്ന ചിത്രത്തിലൂടെ അഭിനയത്തിലെ പ്രണവിൻ്റെ അഭിനയ ചാരുത ആവോളം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. 12 ദിവസങ്ങൾ കൊണ്ടാണ് പുനർജനി തീർന്നത്, പ്രണവിനു വേണ്ടി റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വമായി മാത്രമായിരുന്നു.
12 വയസുള്ള മകനെ വച്ച് പടം ചെയ്യാൻ മോഹൻ ലാൽ സാറിനെ മേജർ രവി പരിചയപ്പെടുത്തിയപ്പോൾ കഥ കേട്ട ശേഷം “അയാളോട് പോയി കഥ പറയൂ അയാൾക്കിഷ്ടപ്പെട്ടാൽ ചെയ്യാം എന്നാണ് പറഞ്ഞത്. ആ ചിത്രത്തിൻ്റെ കഥയിലെ നാറാണത്ത് ഭ്രാന്തൻ എന്നാ കഥാ പാത്രത്തിൻ്റെ സ്വാധീനവും പരകായ പ്രവേശവും, മാനറിസവുമെല്ലാം ഇഷ്ടപ്പെട്ട പ്രണവ് വളരെ ആസ്വദിച്ചു ചെയ്ത ചിത്രമായിരുന്നു പുനർജനി.
അഭിനയം പ്രണവിൻ്റെ മാത്രം സ്വാതന്ത്ര്യമായിരുന്നു അഭിനയത്തിൽ മാത്രമല്ല ജീവിതത്തിലും പ്രണവിന് ആ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടെന്നാണ് എൻ്റെ വിശ്വാസം. പായൽ പിടിച്ച്, മഴ നനഞ്ഞ്, തെന്നിത്തെറിച്ചു കിടന്നിരുന്ന അനങ്ങനാടി മലയിൽ നിന്നും താഴേക്ക് കയറാതെ മഴ നനയുന്ന ഷോട്ട് എടുത്തപ്പോൾ പ്രണവിൻ്റെ വൈദഗ്ദ്യം ഓർത്ത് ഞാൻ അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. എന്നാൽ ‘ആദി’ എന്ന സിനിമയിലെ പ്രണവിൻ്റെ മെയ് വഴക്കം കണ്ടപ്പോളാണ് അതിനു പിന്നിലുള്ള പ്രണവിൻ്റെ അധ്വാനത്തിൻ്റെ ആഴം മനസിലായത്.
ഷൂട്ടിനിടയിൽ പ്രണവ് ഒരിക്കലും ഫൈവ് സ്റ്റാർ സൗകര്യങ്ങളിൽ കഴിഞ്ഞിട്ടില്ല. മേജർ രവി ചേട്ടൻ്റെയും, കണ്ണേട്ടൻ്റെയും വീട്ടിൽ ഞങ്ങളോടൊപ്പം താമസിച്ചാണ് ഷൂട്ടിങ്ങിനു പോയിരുന്നത്. ഷൂട്ടിംഗ് സെറ്റിൽ വളരെ സൗമ്യശീലനായിരുന്നു അദ്ദേഹം. എത്ര അസൗകര്യങ്ങൾ ഉണ്ടെങ്കിലും അത് മറ്റുള്ളവരെ അറിയിക്കാതെ പോകാൻ പരമാവധി ശ്രമിച്ചിരുന്നു. പ്രണവ് ഒരു വിസ്മയ നടനാണ്- രാജേഷ് അമനകര പറയുന്നു.
















































