ജയ്‌പുർ: ഐപിഎല്ലിൻ്റെ ഈ സീസണിൽ മികച്ച തുടക്കം കിട്ടാത്ത രാജസ്ഥാൻ റോയൽസിനെ നയിക്കാൻ വീണ്ടും സഞ്ജു സാംസൺ. വിക്കറ്റ് കീപ്പറായി ഇറങ്ങാൻ ബിസിസിഐയുടെ സെൻട്രൽ ഓഫ് എക്സലൻസിൽ നിന്നും അനുമതി ലഭിച്ചു. ഇതോടെ, പഞ്ചാബ് കിങ്‌സിനെതിരേ ഏപ്രിൽ അഞ്ചിന് നടക്കുന്ന മത്സരത്തിൽ മലയാളിതാരം ടീമിനെ നയിക്കും. രാജസ്ഥാനെ കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന റെക്കോഡ് ലക്ഷ്യമിട്ടാകും സഞ്ജു ടീമുമായി ഇറങ്ങുന്നത്.
കൈവിരലിനേറ്റ പരിക്കിൽനിന്ന് മുക്തനായിരുന്നെങ്കിലും വിക്കറ്റ് കീപ്പറായി ഇറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ഇതോടെ, റിയാൻ പരാഗിനെയാണ് ആദ്യ മൂന്ന് കളികളിൽ ക്യാപ്റ്റനായി നിയോഗിച്ചത്. പരാഗിനുകീഴിൽ ആദ്യകളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് 44 റൺസിനും രണ്ടാം കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ട് വിക്കറ്റിനും ടീം തോറ്റു. മൂന്നാം കളിയിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ച് ആദ്യജയം നേടി. എന്നാൽ, പരാഗിന്റെ ക്യാപ്റ്റൻസി ഏറെ വിമർശനം ഏറ്റുവാങ്ങി.
2021-ൽ രാജസ്ഥാന്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത സഞ്ജു ചരിത്രനേട്ടം ലക്ഷ്യമിട്ടാകും പഞ്ചാബിനെതിരേ ഇറങ്ങുന്നത്. ഒരു ജയംകൂടി നേടിയാൽ ടീമിനെ കൂടുതൽ ഐപിഎൽ ജയത്തിലേക്ക് നയിച്ച നായകനെന്ന റെക്കോഡ് സ്വന്തമാകും. നിലവിൽ ഷെയ്ൻ വോണിനും സഞ്ജുവിനും 31 വിജയങ്ങളാണുള്ളത്. ആദ്യ സീസണിൽ ടീമിന് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഓസ്‌ട്രേലിയൻ ഇതിഹാസമായ വോൺ. സഞ്ജുവാകട്ടെ, ടീമിനെ ഐപിഎൽ ഫൈനലിലേക്ക് നയിച്ച രണ്ടാം ക്യാപ്റ്റനുമാണ്. സ്റ്റീവ് സ്മിത്ത്, രാഹുൽ ദ്രാവിഡ് എന്നീ മുൻഗാമികളെ വെല്ലുന്ന പ്രകടനമാണ് ക്യാപ്റ്റനായി സഞ്ജു നടത്തുന്നത്. ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായവരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തും സഞ്ജുവുണ്ട്.
നടപ്പുസീസണിൽ മൂന്ന് കളികളിൽ ഇംപാക്ട് പ്ലെയറായിട്ടാണ് സഞ്ജു കളിച്ചത്. ഓപ്പണറുടെ റോളിലിറങ്ങിയ താരം മൂന്ന് കളിയിലായി ഒരു അർധസെഞ്ചുറിയടക്കം 99 റൺസ് നേടി.
സഞ്ജു നായകനായുള്ള പ്രകടനം ഇങ്ങനെ- ആകെ മത്സരം 61.. ജയം 31.. തോൽവി 29.. ഫലമില്ലാത്തത് 1… വിജയശരാശരി 50.81 %.