കൊൽക്കത്ത: ‘‘സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അതു വീക്ഷിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു’ വെന്ന് ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ വിജയത്തിനു ചുക്കാൻ പിടിച്ച യുവ ഓപ്പണർ അഭിഷേക് ശർമ. മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ്, സഞ്ജുവിന്റെ ബാറ്റിങ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് വീക്ഷിക്കാൻ തനിക്കിഷ്ടമാണെന്ന അഭിഷേകിന്റെ ഏറ്റുപറച്ചിൽ. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ഓപ്പണിങ് കൂട്ടുകെട്ടിൽ 26 പന്തിൽനിന്ന് 41 റൺസ് നേടി മികച്ച തുടക്കമാണ് അഭിഷേക് – സഞ്ജു സഖ്യം നൽകിയത്.
ഒന്നാം ടി20യിൽ 34 പന്തിൽ അഞ്ച് ഫോറും എട്ടു കൂറ്റൻ സിക്സറും സഹിതം 79 റൺസുമായി അഭിഷേക് ശർമ ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ, സഞ്ജു 20 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 26 റൺസുമെടുത്തു. ഇതിൽ ആദ്യ ഓവറിൽ ഓവറിൽ ഒരു റൺസ് മാത്രമെടുത്ത സഞ്ജു പിന്നത്തെ ഓവറിൽ ഗസ് അറ്റ്കിൻസനെ തൂക്കിയെടുത്ത് അടിക്കുകയായിരുന്നു. ആ ഓവറിൽ നാലു ഫോറും ഒരു സിക്സും സഹിതം 22 റൺസായിരുന്നു സഞ്ജുവിന്റെ സംഭാവന.
“നമ്മുടെ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. 160–170 റൺസ് ചേസ് ചെയ്യേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, ബോളർമാർ ചെറിയ സ്കോറിൽ അവരെ ഒതുക്കി, ഓപ്പണിങ് പങ്കാളികളെന്ന നിലയിൽ ഞാനും സഞ്ജുവും പരസ്പരം സംസാരിച്ചാണ് മുന്നോട്ടുപോകുന്നത്. ബാറ്റിങ് യൂണിറ്റ് മുഴുവനും ഈ രീതിയിൽ ചർച്ചകൾ നടത്തും. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അത് ആസ്വദിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.’’ – അഭിഷേക് പറഞ്ഞു.
‘‘ഈ കളിയിൽ ഞങ്ങളുടെ പ്ലാനുകൾ ലളിതമായിരുന്നു. ഐപിഎൽ എന്റെ കളിയെ രൂപപ്പെടുത്തുന്നതിൽ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ഇതുപോലൊരു ടീം അന്തരീക്ഷം ഞാൻ ഒരിടത്തും കണ്ടിട്ടില്ല. സ്വാഭാവിക ശൈലിയിൽ കളിക്കാൻ പരിശീലകനും ക്യാപ്റ്റനും പൂർണ സ്വാതന്ത്ര്യം നൽകുന്നതു തന്നെ പ്രധാനപ്പെട്ട കാര്യമാണ്. ആദ്യ പന്തു മുതൽത്തന്നെ നമുക്ക് ഇഷ്ടമുള്ള ഷോട്ട് കളിക്കാം. ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പന്തുകൾ എറിഞ്ഞ് എന്നെ പരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു. അതിനെ നേരിടാനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു’ – അഭിഷേക് ശർമ വിശദീകരിച്ചു.
O MY GOD
Twenty two runs in this over #INDvENG #INDvsENG #ENGvsIND #ENGvIND #SanjuSamson 💓 #viralvideo
pic.twitter.com/mndkgo7JEl— RavinderNadhori (@RavinderNadhori) January 22, 2025