ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോൾ. നിമിഷ പ്രിയയെ മോചിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് തുക നൽകണമെന്ന് കെഎ പോൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം.
നിമിഷ പ്രിയ വിഷയത്തിൽ ലക്ഷങ്ങൾ താൻ ഇതുവരെ ചെലവാക്കി. പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നൽകുന്നത് കാത്തിരിക്കുന്നുകയാണെന്നും പോൾ പറഞ്ഞു. നേരത്തെ, പണം ആവശ്യപ്പെട്ടുള്ള പോസ്റ്റ് തള്ളി വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റുമായി കെഎ പോൾ എത്തുന്നത്.
നിമിഷപ്രിയയുടെ മോചനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്ന കെഎ പോളിൻ്റെ പ്രചാരണം. പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കുകയായിരുന്നു. നിമിഷപ്രിയ കേസിൽ അമ്പരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെ എ പോൾ. തന്റെ ഇടപെടലിൻ്റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ് കെഎ പോൾ. പിന്നാലെയാണ് ഇപ്പോൾ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്ന് കാട്ടിയുള്ള പോസ്റ്റ് എക്സ് പ്ലറ്റ്ഫോമിൽ ഷെയർ ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ളതെന്ന് കാട്ടി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഷെയർ ചെയ്തു. പോസ്റ്റ് വന്നയുടനെ ആധികാരികതയിൽ സംശയം ഉയർന്നിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം തന്നെ ഇക്കാര്യം നിഷേധിച്ച് എക്സ് പ്ലറ്റ്ഫോമിൽ പോസ്റ്റിട്ടത്. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
വിദേശകാര്യമന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ കെഎ പോളിന് എങ്ങനെ കിട്ടിയെന്നതാണ് ചോദ്യം. നിമിഷപ്രിയയുടെ ഭർത്താവ് ടോമിയും മകളും നേരത്തെ ഒമാനിൽ കെഎ പോളിന് സമീപത്തെത്തുകയും ഇവർക്കൊപ്പമുള്ള വീഡിയോകൾ കെഎ പോൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, കെ എ പോളിന്റെ അവകാശവാദങ്ങൾ ശരിയായിരുന്നുവെങ്കിൽ നിമിഷപ്രിയ ഇതിനോടകം മോചിതയായേനെ. ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിന് ദയാധനം 5.5 മില്യൺ ഡോളറായി നിശ്ചയിക്കപ്പെട്ടെന്ന് കാട്ടി സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തിയിരുന്നു.