ഫിറോസാബാദ്: ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കു ചോര്‍ത്തിയതിന്റെ പേരില്‍ യുപി ഭീകര വിരുദ്ധ സ്‌ക്വാഡ് വെടിക്കോപ്പ് നിര്‍മാണ ഫാക്ടറി ജീവനക്കാരനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞയാഴ്ചയാണ്.
വികാസ് കുമാര്‍ എന്നയാളാണ് പണവും മറ്റും മോഹിച്ച് സ്‌ഫോടക വസ്തുക്കളെക്കുറിച്ചും അതു നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങളെക്കുറിച്ചുമുളള വിവരങ്ങള്‍ കൈമാറിയത്. വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഐഎസ്‌ഐ നേഹ ശര്‍മയെന്നു സോഷ്യല്‍ മീഡിയയില്‍ പേരുള്ള പാകിസ്താനി ഏജന്റിനെയാണ് ഉപയോഗിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ലൂഡോ ആപ്ലിക്കേഷന്‍ വഴിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. ഫാക്ടറിയിലെയും മറ്റിടങ്ങളിലെയും വിവരങ്ങള്‍ മോഷ്ടിക്കുകയും സ്‌ഫോടക വസ്തുക്കളുടെ വിവരങ്ങളും കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗണ്‍ പൗഡറിന്റെ നിര്‍മാണം, ഫാക്ടറിയിലെ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ചോര്‍ത്തി. നേഹ ശര്‍മയെപ്പോലുള്ള സ്ത്രീ ഏജന്റുകള്‍ ഇന്ത്യയിലെ താഴ്ന്ന ജീവനക്കാരെ ലക്ഷ്യമിടുന്നത് ആദ്യമല്ല.
2006 മുതല്‍ വികാസ് ശര്‍മ വെടിക്കോപ്പ് നിര്‍മാണ ശാലയില്‍ പ്രവര്‍ത്തിക്കുന്നു. 2009ല്‍ ചാര്‍ജ്മാന്‍ എന്ന പോസ്റ്റിലേക്കു സ്ഥാനക്കയറ്റം നല്‍കി. 2024 മുതല്‍ നേഹ ശര്‍മയുമായി ഇയാള്‍ക്കു ബന്ധമുണ്ട്. ചാറ്റിംഗും ഓഡിയോ, വീഡിയോ കോളുകളും ഇയാള്‍ ഇവരുമായി നടത്തി. നേഹ വന്‍തോതില്‍ പണവും വാഗ്ദാനം ചെയ്തു. വാട്‌സ് ആപ്പില്‍നിന്ന് ചാറ്റുകളും മറ്റും ഡിലീറ്റ് ചെയ്‌തെങ്കിലും എടിഎസ് ഇതെല്ലാം കണ്ടെടുത്തിട്ടുണ്ട്.