ഭുവനേശ്വര്‍: ഒഡിഷയിൽ സാന്താ തൊപ്പികൾ വില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ പ്രചരിക്കുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാൾ വെളുത്ത കാറിൽ നിന്ന് ഇറങ്ങി വരുന്നതും കച്ചവടക്കാരോട് എവിടെ നിന്നാണ് വരുന്നതെന്നും അവരുടെ മതം എന്താണെന്നും ചോദിക്കുന്നതും വീഡിയോയിൽ കാണാം.
ഇത് ഹിന്ദു രാഷ്ട്രമാണ്. ഇവിടെ ക്രിസ്ത്യൻ വസ്തുക്കൾ ഞങ്ങൾ അനുവദിക്കില്ല എന്നായിരുന്നു ഭീഷണി. ഭഗവാൻ ജഗന്നാഥന്‍റെ നാട്ടിൽ സാന്താ തൊപ്പികൾ വിൽക്കാൻ അനുവദിക്കില്ലെന്നായിരുന്നു സംഘം പറഞ്ഞത്. സാന്താ തൊപ്പികൾ വിൽക്കുന്നതിനെ അവർ ശക്തമായി എതിർത്തെങ്കിലും ക്രിസ്ത്യൻ വസ്തുക്കൾ വിൽക്കാൻ അധികാരികളിൽ നിന്ന് അനുമതി കത്തുകൾ വാങ്ങണമെന്ന് അയാൾ ഒരു വിൽപ്പനക്കാരനോട് പറയുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് തൊപ്പികൾ വിൽക്കുന്നതെന്ന് കച്ചവടക്കാർ അവരോട് പറഞ്ഞതോടെ ഭീഷണി ശക്തമായി. സാധനങ്ങൾ പായ്ക്ക് ചെയ്ത് പോകണമെന്നും വിൽപന തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ജഗന്നാഥ ഭഗവാനുമായി ബന്ധപ്പെട്ട വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പുരുഷന്മാർ കച്ചവടക്കാരോട് പറഞ്ഞു.
നിങ്ങൾ ദരിദ്രനാണെങ്കിൽ, ഭഗവാൻ ജഗന്നാഥനുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുക. ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട വസ്തുക്കളൊന്നും ഇവിടെ അനുവദനീയമല്ല എന്ന് മറ്റൊരാൾ പറയുന്നുണ്ട്. മറ്റ് തെരുവ് കച്ചവടക്കാരോടും സമാനരീതിയിലാണ് സംഘം പെരുമാറിയത്. ”ഹിന്ദുവായതിനാൽ നിങ്ങൾക്ക് എങ്ങനെ ഇവ വിൽക്കാൻ കഴിയും? ഇത് അനുവദിക്കില്ല” എന്നും ഭീഷണി മുഴക്കി.

















































