ന്യൂഡൽഹി: അതിവേഗ റെയിൽ പാത പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന ഇ ശ്രീധരൻറെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സർക്കാർ പ്രഖ്യാപിച്ച കെ റെയിൽ പദ്ധതി ഒഴിവാക്കിയെങ്കിൽ അതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഒന്ന് ഊരി കളയാമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മഞ്ഞക്കുറ്റികൾകൊണ്ടു ആളുകൾക്ക് സ്ഥലം വിൽക്കാൻ പോലും കഴിയുന്നില്ലെന്നും പറഞ്ഞു.
അതുപോലെ തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയും, ഈ സർക്കാരിൻറെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ല, കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോൺഗ്രസ് നേതൃത്വവുമായി ശശി തരൂർ അതൃപ്തിയിലാണെന്ന റിപ്പോർട്ടുകളും രമേശ് ചെന്നിത്തല തള്ളി. തരൂരിന് അതൃപ്തിയില്ലെന്നും അദ്ദേഹം കാര്യങ്ങൾ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശശി തരൂർ രാഷ്ട്രീയ നേതാവ് മാത്രമല്ല, അദ്ദേഹം ഒരു എഴുത്തുകാരനും ഗ്രന്ഥകാരനുമാണ്. തരൂർ 100ശതമാനം പാർട്ടിക്കാരൻ അല്ലെന്നും തങ്ങളൊക്കെ പൂർണസമയ പാർട്ടിക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഐആർ പ്രകാരം തൻറെ മണ്ഡലത്തിലെ മുസ്ലിം സമൂഹത്തിൻറെ വോട്ടുകൾ വെട്ടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപി ന്യൂനപക്ഷ സമൂഹത്തിൻറെ വോട്ടുകൾ ഫോം 7 പ്രകാരം വെട്ടുകയാണ്. കേരളത്തിൽ എല്ലായിടത്തും വെട്ടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ സഹകരണം പ്രഖ്യാപിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിഡി സതീശന്റെ പ്രസ്താവനയിലും രമേശ് ചെന്നിത്തല മറുപടി നൽകി. സഹകരണം പ്രഖ്യാപിക്കട്ടെയെന്നും പ്രഖ്യാപിക്കുന്നതിന് മുൻപ് അതിനു മറുപടി പറയേണ്ട കാര്യമില്ലല്ലോയെന്നുമായിരുന്നു ചെന്നിത്തല ചോദിച്ചു.
അതേസമയം കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്നും 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ഇന്ന് ഇ. ശ്രീധരൻ വ്യക്തമാക്കിയത്. ഉത്തരവ് വരാൻ വൈകുമെങ്കിലും സമയം കളയാൻ ഇല്ലാത്തതിനാൽ പ്രവർത്തങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. പൊന്നാനിയിൽ ഇതിനായി ഡിഎംആർസി ഓഫീസും ഒരുങ്ങിയെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കേരള സർക്കാരിൻറെ സിൽവർ ലൈൻ പദ്ധതി തള്ളി, അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര തീരുമാനം.
ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് വിശദ പദ്ധതി രേഖ തയ്യാറാക്കാനുള്ള ചുമതല. ഡിഎംആർസി ഉപദേശകൻ ഇ. ശ്രീധരൻറെ നേതൃത്വത്തിലാണ് എല്ലാം നടക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ പാത, മൂന്നു മണിക്കൂർ 15 മിനിറ്റ് യാത്ര നേരം, 22 സ്റ്റേഷനുകൾ തുടങ്ങിയവയാണ് പദ്ധതിയുടെ വിശദാംശങ്ങൾ. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ എയർപോർട്ടുകളെ ബന്ധിപ്പിച്ചാണ് അതിവേഗ റെയിൽ പാതയെന്നും ഇ. ശ്രീധരൻ വിശദീകരിച്ചു. പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്നും വിശദമായ റിപ്പോർട്ട് ഇ ശ്രീധരൻ നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നുവെന്നുമാണ് കെവി തോമസ് ഇതിനോട് പ്രതികരിച്ചത്.














































