കൊച്ചി: വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിനെ തുടർച്ചയായ മൂന്നാം വട്ടവും അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാരിന്റെ നടപടി ‘വിചിത്ര’മായി തോന്നുന്നു. ഇത്തരമൊരു വാദം തങ്ങൾ ആദ്യമായാണ് കേൾക്കുന്നതെന്നു പറഞ്ഞ കോടതി, ഇക്കാര്യങ്ങളൊക്കെ സർവീസിലുള്ളപ്പോൾ തീർക്കേണ്ടതല്ലേ എന്ന് ആരാഞ്ഞു. എന്നാൽ കഴിഞ്ഞ 2 വർഷമായി അവർ ഇതിന്റെ പിന്നാലെ നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, കേസ് വിധി പറയാനായി മാറ്റി.
ഡോ. സിസ തോമസ് വിരമിച്ച് 2 വർഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. എന്നാൽ ഡോ.സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും വിരമിക്കുമ്പോഴുള്ള ബാധ്യതകൾ തീർക്കുന്നതു സംബന്ധിച്ച കാര്യങ്ങളുമാണ് തടസമായി നിൽക്കുന്നതെന്ന് സർക്കാർ വിശദീകരണം നൽകി.
ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവർക്കു ജീവിക്കാനുള്ള തുകയല്ലേ പെൻഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ എന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് വിധി പറയാനായി മാറ്റിയത്. 2023 മാർച്ച് 31നാണു ഡോ.സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങൾ തടഞ്ഞുവച്ച സാഹചര്യത്തിലാണ് ഡോ.സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.