മുംബൈ: തന്റെ 32-ാം ജന്മദിനത്തിൽ പ്രണയബന്ധം പരസ്യപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ബോളിവുഡ് നടിയും മോഡലുമായി മഹിക ശർമയുമായി വിദേശത്തുള്ള ബീച്ചിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രം ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ഇരുവരും പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രത്തിൽ, മഹികയെ ഹാർദിക് ടാഗ് ചെയ്തിട്ടുമുണ്ട്. വേറൊരു ചിത്രത്തിൽ ഇരുവരും പാർട്ടിയിൽ പങ്കെടുക്കുന്നതാണ് കാണുന്നത്. ഇതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായെന്നും ഹാർദിക്കും മഹികയും ഡേറ്റിങ്ങിലാണെന്ന് സ്ഥിരീകരിച്ചെന്നും പാപ്പരാസികൾ പറയുന്നു.
അതേസമയം വെള്ളിയാഴ്ച പുലർച്ചെ, ഇരുവരും ഒരുമിച്ച് മുംബൈ വിമാനത്താവളത്തിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യമായാണ് പൊതുയിടത്തിൽ ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇവരുടെ പ്രണയം ‘ഒഫിഷ്യൽ’ ആയെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഇന്നു ചിത്രങ്ങൾ പങ്കുവച്ചതോടെ പ്രണയവാർത്തകൾക്ക് സൈബർ ലോകത്തിന്റെ വക സ്ഥിരീകരണവുമെത്തി.
അതേസമയം ഇന്നാണു ഹാർദിക്കിന്റെ ജന്മദിനം. ഹാർദിക് പാണ്ഡ്യയ്ക്കു ജന്മദിനാശംസ നേർന്ന് മഹികയും ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. 24 വയസുകാരിയായ മഹിക, പങ്കുവച്ച ഒരു ചിത്രത്തിൽ ഹാർദിക് പാണ്ഡ്യയുടെ ജഴ്സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ പലതും ഒരേ സ്ഥലങ്ങളിൽനിന്നുള്ളതായിരുന്നെന്നും ആരാധകർ കണ്ടെത്തി. വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ മഹിക അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹിക നിരവധി ഫാഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഹാർദിക് പാണ്ഡ്യയുടെ ആദ്യ വിവാഹം നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായി ആയിരുന്നു, ഇരുവരും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം. ഇതിൽ ഇവർക്ക് ഒരു മകനുമുണ്ട്.