ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനമായുള്ള ബന്ധം വഷളായിട്ടും, ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഉൾപ്പെടെ കളിക്കാൻ ഇന്ത്യൻ ടീം തയാറായതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വീട്ടിൽ നിന്നു ഇറങ്ങിയിട്ട് അവിടേക്കു തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാതെ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ, ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്ന് ഹർഭജൻ ചോദിച്ചു. കായികതാരമായാലും സിനിമാ നടനായാലും അവരേക്കാളെല്ലാം വലുത് രാജ്യതാൽപര്യമാണെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി.
ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ക്രിക്കറ്റ് കളിക്കുന്നതെല്ലാം എത്രയോ അപ്രധാനമാണ്. അതുപോലെ പാക്കിസ്ഥാനിലിരുന്ന് ആരേലും വിളിച്ചുപറയുന്നതെല്ലാം ഇന്ത്യക്കാരെ അറിയിക്കേണ്ട കാര്യമില്ലെന്നും ഹർഭജൻ മാധ്യമങ്ങളെയും ഉപദേശിച്ചു.
‘‘എന്താണ് പ്രധാനം, എന്താണ് അപ്രധാനം എന്ന് നാം തിരിച്ചറിയണം. അത്രയുള്ളൂ. എന്നെ സംബന്ധിച്ച് അതിർത്തിയിൽ സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് കാവൽ നിൽക്കുന്ന സൈനികരുടെ സമർപ്പണമാണ് പ്രധാനപ്പെട്ടത്. സ്വന്തം കുടുംബാംഗങ്ങൾക്ക് കൊതി തീരെ അവരെ കാണാൻ കിട്ടാറില്ല. ചിലപ്പോൾ സ്വന്തം ജീവൻ പോലും അവർ അതിർത്തിയിൽ ബലി നൽകേണ്ടി വരും. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുക പോലുമില്ലെന്ന് ചുരുക്കം. അവരുടെ ഈ കരുതൽ നമ്മെ സംബന്ധിച്ച് എത്രയോ പ്രധാനപ്പെട്ടതാണ്. അതുമായി തട്ടിച്ചുനോക്കുമ്പോൾ, ഒരു ക്രിക്കറ്റ് മത്സരം ഒഴിവാക്കാനാകില്ലെന്ന് പറയുന്നതെല്ലാം തീരെ ചെറിയ കാര്യമല്ലേ. തീർത്തും ചെറിയ കാര്യം’.
‘‘എനിക്കു തോന്നുന്നതു നമ്മുടെ സർക്കാരിനും സമാനമായ നിലപാടാണ് ഉള്ളത് എന്നാണ്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും പരസ്പര സഹകരണം ഒരുമിച്ചു പോകില്ല. അതിർത്തിയിലെ സംഘർഷത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനുമിടയ്ക്ക് എങ്ങനെയാണ് ക്രിക്കറ്റ് കളിക്കാൻ പോകുക? ഇത്രയും ഗുരുതരമായ ഒരു പ്രശ്നം പരിഹരിക്കുന്നതുവരെ, ക്രിക്കറ്റ് ഉൾപ്പെടെയുള്ളതെല്ലാം തീരെ ചെറിയ കാര്യങ്ങളാണ്. എന്തൊക്കെ പറഞ്ഞാലും രാജ്യം തന്നെ പ്രധാനം’.
‘‘അതുപോലെ നമ്മുടെ വിലാസം എന്തു തന്നെയായാലും അതിന് നാം കടപ്പെട്ടിരിക്കുന്നത് ഈ രാജ്യത്തോടാണ്. കായികതാരമായാലും സിനിമാ നടനായാലും മറ്റാരായാലും ഈ രാജ്യത്തേക്കാൾ വലുതല്ല. എപ്പോഴും രാജ്യം തന്നെ ഒന്നാമത്. അതിനോട് നമുക്ക് ചില കടപ്പാടുകളുണ്ട്. അതുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു ക്രിക്കറ്റ് മത്സരം ഒഴിവാക്കുന്നതൊക്കെ എത്രയോ അപ്രധാനമാണ്’.
‘‘അതിർത്തിയിൽ നമ്മുടെ പ്രിയപ്പെട്ടവർ കാവൽനിന്ന് നമ്മളെല്ലാം ഉൾപ്പെടുന്ന ഈ രാജ്യത്തെ സംരക്ഷിക്കുകയാണ്. അവരുടെ ധൈര്യവും ഹൃദയവിശാലതയും നോക്കൂ. വീട്ടിലേക്കു തിരിച്ചെത്തുമെന്നു പോലും ഉറപ്പില്ലാതെ അവർ അതിർത്തിയിൽ നിൽക്കുമ്പോൾ, അവരുടെ കുടുംബാംഗങ്ങളുടെ അവസ്ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനിടയിലാണ് ഒരു ക്രിക്കറ്റ്’ – ഹർഭജൻ കുറ്റപ്പെടുത്തി.
അതുപോലെ പാക്കിസ്ഥാനിൽ നിന്നുള്ള നേതാക്കൻമാരുടെ പ്രസ്താവനകൾക്കും പ്രതികരണങ്ങൾക്കും അമിത പ്രാധാന്യം നൽകുന്നത് അവസാനിപ്പിക്കണമെന്നും ഹർഭജൻ രാജ്യത്തെ മാധ്യമങ്ങളോടും ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾ എങ്ങനെയാണ് പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകുകയെന്നും ഹർഭജൻ ചോദിച്ചു.
ഇങ്ങനെ കൊട്ടിഘോഷിക്കാൻ മാത്രം ഈ പാക്കിസ്ഥാനിലെ നേതാക്കൻമാർ അത്രയ്ക്ക് പ്രധാനപ്പെട്ട ആളുകളാണോ? നമ്മുടെ മാധ്യമങ്ങൾ ഇത്രയ്ക്ക് പ്രാധാന്യം നൽകാൻ മാത്രം എന്താണ് അവർക്കുള്ളത്? അവരെ നമ്മൾ ബഹിഷ്കരിക്കുമ്പോൾ, അവരോട് യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്ന് പ്രഖ്യാപിക്കുമ്പോൾ, എന്തിനാണ് ഇത്ര പ്രാധാന്യത്തോടെ അവരുടെ പ്രസ്താവനകൾ ഇവിടെ നാം പ്രസിദ്ധീകരിക്കുന്നത്? ഇത് നിർത്തേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. തീയിലേക്ക് എണ്ണയൊഴിക്കാൻ ശ്രമിക്കരുത്’ – ഹർഭജൻ പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാക്കിസ്ഥാൻ താരങ്ങളുമായി ഹസ്തദാനം നൽകുന്ന സാഹചര്യം ഉണ്ടാകരുത് എന്നതുപോലെ തന്നെ, മാധ്യമങ്ങൾ പാക്കിസ്ഥാൻകാരുടെ കാര്യങ്ങളും ഇവിടെ അറിയിക്കേണ്ട. അവർ സ്വന്തം രാജ്യത്തിരുന്ന് എന്തു വേണമെങ്കിലും വിളിച്ചുപറയട്ടെ. നമ്മൾ അതും പൊക്കിപ്പിടിച്ചു നടക്കേണ്ടകാര്യമില്ലായെന്നും ഹർഭജൻ പറഞ്ഞു.