ടെൽ അവീവ്: മകൾക്കും മരുമകനുമൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡന്റ് ഹെർസോഗും വിമാനത്താവളത്തിൽ നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ട്രംപിന്റെ മകൾ ഇവാൻക, മരുമകൻ ജരേദ് കുഷ്‌നർ, പശ്ചിമേഷ്യയുടെ അമേരിക്കൻ നയതന്ത്രജ്ഞൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ട്. ഇസ്രയേലിലെത്തിയ ട്രംപ് അസംബ്ലിയിൽ പങ്കെടുക്കും. കൂടാതെ ബന്ദികളുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശേഷം വെടിനിർത്തൽ കരാറിന്റെ ചർച്ചയ്ക്കായി ഈജിപ്തിലേക്ക് പോകും.
അതേസമയം 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പിടികൂടിയ ഇസ്രയേലി ബന്ദികളിൽ ജീവനോടെയുള്ളവരെയെല്ലാം ഹമാസ് വിട്ടയച്ചു. ഗാസ സമാധാന ഉടമ്പടി പ്രകാരമുള്ള കൈമാറ്റത്തിലൂടെയാണ് രണ്ട് ഘട്ടമായി ബന്ദികളെ മോചിപ്പിച്ചത്. ആദ്യം ഏഴ് ബന്ദികളെയും പിന്നീട് 13 പേരെയും റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികൾക്കായി ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
വിട്ടയച്ച ബന്ദികളെ പ്രാഥമിക ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തുടർന്ന് കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മതൻ ആംഗ്രെസ്റ്റ്, സഹോദരങ്ങളായ ഗലി, സിവ് ബെർമൻ, എലോൺ ഒഹെൽ, എയ്തൻ മൊർ, ഗയ് ഗിൽബോ ദലാൽ, ഒംറി മിരൻ എന്നിവരെയാണ് വിട്ടയച്ചത്. കൂടാതെ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഇന്ന് കൈമാറും. 28 ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിവരം.
ഇസ്രയേലി ബന്ദികളുടെ മോചനത്തിന് പകരമായി ഗാസ നിവാസികളടക്കമുള്ള രണ്ടായിരത്തോളം പലസ്തീനികളെ ഇസ്രയേൽ വിട്ടയക്കും. 2023-ലെ ആക്രമണത്തിൽ ഹമാസ് 251 പേരെയാണ് ബന്ദികളാക്കിയത്. ഇവരെ പിന്നീട് പല ഘട്ടങ്ങളായി വിട്ടയക്കുകയും ചിലർ കൊല്ലപ്പെടുകയുമുണ്ടായി.
















































