അംറേലി: ഗോവധക്കേസിൽ ഗുജറാത്തിൽ 3 പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. പശുവിനെ കശാപ്പ് ചെയ്ത കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷ വിധിച്ചത്. ഗുജറാത്തിൽ ഇതാദ്യമായാണ് ഗോവധക്കേസിൽ ജീവപര്യന്തം വിധിക്കുന്നത്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരമാണു മൂവരും കുറ്റക്കാരെന്നു കണ്ടെത്തിയത്. 2023ൽ പോലീസ് നടത്തിയ തിരച്ചിലിലാണ് 40 കിലോഗ്രാം പശുവിറച്ചി പിടിച്ചെടുത്തത്.
കേസിന്റെ നാൾ വഴികൾ ഇങ്ങനെ, 2023-ൽ അമ്രേലി നഗരത്തിൽ ചില വ്യക്തികൾ പശുക്കളെ പിടികൂടി അറുക്കുകയും ബീഫ് വിൽക്കുകയും ചെയ്യുന്നതായി പോലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, നഗരത്തിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് 40 കിലോ ബീഫും, അറുക്കപ്പെട്ട പശുക്കളുടെ ശരീരഭാഗങ്ങളും, ഇതിനായി ഉപയോഗിച്ച ഉപകരണങ്ങളും സ്ഥലത്തുനിന്ന് കണ്ടെടുത്തു. സംഭവത്തിൽ കാസിം സോളങ്കിയെ ഉടൻ പിടികൂടിയെങ്കിലും, മറ്റ് രണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ വാദങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ, ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരം മൂവരും കുറ്റക്കാരാണെന്ന് ജഡ്ജി വിധിക്കുകയും ഒരു പ്രതിക്ക് 5,00,000 രൂപ (ആകെ 15 ലക്ഷം രൂപ) പിഴ ചുമത്തുകയും ചെയ്തു.
പ്രതികൾക്ക് ഇതേ നിയമത്തിലെ സെക്ഷൻ 6 (ബി) പ്രകാരം (ബീഫ് അല്ലെങ്കിൽ ബീഫ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ എതിരായ നിരോധനം) ഏഴ് വർഷം തടവും 1,00,000 രൂപ വീതം പിഴയും വിധിച്ചു. ചില മൃഗങ്ങളെ കൊല്ലുക, വിഷം കൊടുക്കുക, അംഗഭംഗം വരുത്തുക, അല്ലെങ്കിൽ ഉപയോഗശൂന്യമാക്കുക എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകൾ പ്രകാരവും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി.
“ഗുജറാത്തിൽ പശുവിനെ കശാപ്പ് ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്,” എസ്പിപി മേത്ത പറഞ്ഞു. ‘ചരിത്രപരമായ വിധി’യെന്നാണ് ഗുജറാത്ത് സർക്കാർ ശിക്ഷയെ വിശേഷിപ്പിച്ചത്. ഗുജറാത്ത് സർക്കാർ വിധിയെ സ്വാഗതം ചെയ്തു, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വഘാനി പറഞ്ഞു.

















































