ഹരിപ്പാട്: 15 പവൻ സ്വർണം, ബാക്കി ഇമിറ്റേഷൻ ആഭരണങ്ങളെ ഇട്ടിറങ്ങു… എല്ലാം പറഞ്ഞുറപ്പിച്ച പ്രകാരമായിരുന്നു, പക്ഷെ കാര്യത്തോടടുത്തപ്പോൾ കളി മാറി. ഇമിറ്റേഷൻ ആഭരണളുമിട്ട് വിവാഹമണ്ഡപത്തിലെത്തിയാൽ ആ വേദിയിൽ വച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യും ഹൽദി ചടങ്ങിനിടെ വരന്റെ ഭീഷണി. ഹരിപ്പാടാണു സംഭവം സ്വർണത്തിനൊപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ധരിക്കാൻ വരന്റെ വീട്ടുകാർ വിസമ്മതിച്ചതിന്റെ പേരിൽ യുവതി വിവാഹത്തിൽ നിന്നും പിന്മാറി. തുടർന്നു സംഭവത്തിൽ പോലീസിൽ പരാതി നൽകി പെൺകുട്ടിയുടെ അമ്മ.
വരന്റെ വീട്ടുകാർ നടത്തിയ ഭീഷണിയും ആക്ഷേപവും കാരണമാണ് മകൾ വിവാഹത്തിൽ നിന്നും പിന്മാറിയതെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ അമ്മ കരീലക്കുളങ്ങര പോലീസിൽ പരാതി നൽകിയത്. വിവാഹവുമായി ബന്ധപ്പെട്ട ഹൽദി ചടങ്ങ് ദിവസമാണ് പരാതിക്കാസ്പദമായ സംഭവം. ഹൽദി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ വരന്റെ വീട്ടുകാർ വീട്ടിലെത്തുകയും വിവാഹദിവസം മണ്ഡപത്തിൽ എത്തുമ്പോൾ വധു സ്വർണ്ണം ധരിക്കണം എന്ന് ആവശ്യപ്പെടുകയുമായിരുന്നു. സ്വർണം അണിയിച്ച് വിവാഹത്തിന് ഇറക്കിയില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് വരന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്നാണ് അമ്മയുടെ പരാതി. പെൺകുട്ടിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയിൽ ആരോപിക്കുന്നു.
ഹൽദി ചടങ്ങിനെത്തിയവരുടെ മുന്നിൽ വെച്ചായിരുന്നു ഭീഷണി. തർക്കത്തെ തുടർന്ന് ഹൽദി ആഘോഷവും ഉപേക്ഷിച്ചു. സംഭവത്തിൽ പോലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനിടെയാണ് തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചത്. ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 15 പവൻ ആഭരണങ്ങൾക്ക് പുറമെ ഇമിറ്റേഷൻ ആഭരണങ്ങളും അണിയിക്കുമെന്ന് വരന്റെ കുടുംബത്തെ വധുവിന്റെ അമ്മ അറിയിച്ചിരുന്നു. വരന്റെ വീട്ടുകാർ കല്യാണച്ചെലവിനായി പണവും ആഭരണങ്ങളും വാങ്ങിയിരുന്നതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
50,000 രൂപയും നാലരപ്പവന്റെ മലയുമാണ് വാങ്ങിയത്. ഇവയും നിശ്ചയത്തിനും കല്യാണ ഒരുക്കങ്ങൾക്കും മറ്റും ചെലവായ തുകയും അടക്കം മടക്കിക്കിട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.