റാംപൂർ: ഉത്തർപ്രദേശിലെ റാംപൂരിൽ വിവാഹ രാത്രിയിൽ വരൻ വധുവിനോട് ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടത് കൊണ്ടു ചെന്നെത്തിച്ചത് ഇരുവീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ. ഒടുവിൽ വരന് പരസ്യമായി മാപ്പ് പറയേണ്ടിവന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.ശനിയാഴ്ച നടന്ന ഒരു വിവാഹാഘോഷത്തിന് പിന്നാലെയുണ്ടായ സംഭവങ്ങൾ വലിയ വിവാദം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്.
സംഭവം ഇങ്ങനെ- വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരൻറെ വീട്ടിലെത്തിയത്. ദീർഘനേരം ഭക്ഷണം കഴിക്കാതിരുന്ന വധു വീട്ടിലെത്തിയതിന് പിന്നാലെ ഛർദ്ദിച്ചത് വരനിൽ സംശയങ്ങളുണ്ടാക്കി. ക്ഷീണവും, ചൂടും കാരണം തലകറക്കം അനുഭവപ്പെട്ട വധു പിന്നാലെ ഛർദ്ദിക്കുകയായിരുന്നു. വിവാഹ ദിവസം തന്നെ വധു ഛർദ്ദിച്ചത് വരൻ സുഹൃത്തുക്കളുടെ ഇടയിൽ ഒരു സംസാര വിഷയമായി.
ഇതോടെ വരൻറെ സുഹൃത്തുക്കൾ വധുവിന് ഗർഭമുണ്ടോയെന്ന് തമാശയ്ക്ക് ചോദിച്ചതു വരനെ അസ്വസ്ഥമാക്കിയെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെയാണ് രാത്രിയിൽ വരൻ വധുവിനോട് ഗർഭ പരിശോധനാ കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടത്.
ഇതിനായി രാത്രിയിൽ തന്നെ വരൻ അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു ഗർഭ പരിശോധന കിറ്റ് വാങ്ങി വധുവിനു നൽകി. വരൻറെ അപ്രതീക്ഷിത ആവശ്യം കേട്ട വധു തൻറെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. രാത്രിയോടെ വരൻറെ വീട്ടിലെത്തിയ വധുവിൻറെ വീട്ടുകാരും വരനും തമ്മിൽ വാക്ക് തർക്കമായി. ഒടുവിൽ ഗ്രാമവാസികൾ ഇടപെട്ട് രാത്രി തന്നെ പഞ്ചായത്ത് വിളിച്ച് ചേർത്തു.
ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം പഞ്ചായത്ത് നടന്നു. ഒടുവിൽ വരൻ പരസ്യമായി തൻറെ തെറ്റ് സമ്മതിക്കുകയും വധുവിനോടും കുടുംബത്തോടും തൻറെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തുകയും ചെയ്തു. ഇനിയൊരിക്കലും ഇത്തരത്തിൽ പെരുമാറില്ലെന്ന് വരൻ പഞ്ചായത്തിന് വാക്ക് കൊടുത്തതായും റിപ്പോർട്ടിൽ പറയുന്നു.