കണ്ണൂർ: വിചാരണ വേളകളിൽ തിന്ന് കൊഴുത്ത ഗോവിന്ദച്ചാമിയെ കണ്ട് അന്തം വിട്ടുപോയ മലയാളികൾ ഇന്നു കിണറ്റിൽ നിന്നു പൊക്കിയെടുപ്പുമ്പോൾ കണ്ടത് ശോഷിച്ച് എല്ലും തോലുമായ ഗോവിന്ദച്ചാമിയെ, കൃത്യമായി പറഞ്ഞാൽ പോലീസ് ഉദ്യോഗസ്ഥർക്കു മുടിയിൽ പിടിച്ചു പൊക്കിയെടുക്കാൻ പറ്റുന്ന ആരോഗ്യം മാത്രം.
ഇതിൽനിന്നു ഒന്നു വ്യക്തം. ജയിലിൽ നിന്നും ചാടാൻ മാസങ്ങളായി ഒരുങ്ങി വ്യക്തമായ പ്ലാനും പദ്ധതിയുമെല്ലാം തയാറാക്കിയായിരുന്നു ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം. ഇതിനായി മാസങ്ങൾ പണിപ്പെട്ടാണ് തന്റെ പദ്ധതി ഗോവിന്ദച്ചാമി ആസൂത്രണം ചെയ്തത്. പോലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ജയിൽ കമ്പി തുരുമ്പിക്കാൻ ഉപ്പ് വെച്ചു, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തുനിന്നു ബ്ലേഡ് സംഘടിപ്പിച്ചു. ശരീരഭാരം കുറച്ചു, കൂടാതെ ഷേവിങ് ബ്ലേഡ് അലർജിയാണെന്നു പറഞ്ഞ് താടി വടിക്കുന്നതും ഒഴിവാക്കി. തുടങ്ങിയുള്ള വിവരങ്ങൾ ഗോവിന്ദച്ചാമി പോലീസിനെ അറിയിച്ചു.
അതുപോലെ സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും എന്നാൽ ഇതു ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചുവെന്നും പ്രതി മൊഴി നൽകി. ആദ്യം കമ്പികളിൽ ഉപ്പിട്ടുകൊടുത്ത് കുറേശേയായി ദ്രവിപ്പിച്ചു. പിന്നാലെ സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗം മുറിച്ചു തുടങ്ങി. മതിലു ചാടാനായി ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിട്ടുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴിയിൽ പറയുന്നു.
അതേസമയം ബ്ലെയ്ഡ് ലഭിച്ചത് ജയിൽ അടുക്കളയിലെ ജോലിക്ക് പോയ അന്തേവാസിയിലൂടെയെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തി. അരി ഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. ഇതോടൊപ്പം മാസങ്ങളായി വ്യായാമം ചെയ്തുതുടങ്ങി. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. തടിയും കുറച്ച് താടിയും വച്ചതോടെ തന്നെ ആരും അറിയില്ലെന്നു പ്രതി കരുതി. പക്ഷെ ഗോവിന്ദച്ചാമിയുടെ ഒറ്റക്കൈ ചതിച്ചു. ദൃക്സാക്ഷികൾ ആദ്യം തിരിച്ചറിഞ്ഞത് ആ ഒറ്റക്കൈയായിരുന്നു. ആദ്യം സംശയമായിരുന്നെങ്കിൽ കൈ കണ്ടതോടുകൂടി പ്രതിയെ തിരിച്ചറിയുകയായിരുന്നു.