കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് ഇന്നും മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി. ഇതോടെ മറികടന്നത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്നത്തെ വിലക്കയറ്റത്തോടെ സാധാരണക്കാരനു സ്വർണം തീണ്ടാപ്പാടകലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ്. പുതിയ വില വർദ്ധനയോടെ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്താൽ 98000 മുകളിൽ നൽകണം ഒരു പവൻ സ്വർണാഭരണം കയ്യിലെത്താൻ.
യുഎസ് പ്രസിഡന്റ് ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധം, റഷ്യ-യുക്രെയ്ൻ സംഘർഷം, മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യം, യുഎസിൽ അടിസ്ഥാന പലിശനിരക്കിലുണ്ടാകുന്ന കുറവുമൂലം ഡോളറും ബോണ്ടും നേരിടുന്ന തളർച്ച എന്നിവയാണ് പ്രധാനമായും ഈ കുതിപ്പിനു കാരണം.
അതേസമയം സ്വർണം കൈവശമുള്ളവർക്ക് പ്രത്യാശ നൽകുന്നതാണ് പുതിയ വിലവർദ്ധന. 2000 ടണ്ണിൽ അധികം സ്വർണ്ണം കൈവശമുള്ള കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വിലവർധനവാണ് ഉണ്ടായിട്ടുള്ളത്. സ്വർണ്ണത്തിൻറെ ഈ വില വർദ്ധനവ് ലോകത്ത് ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.
അതുപോലെ രൂപയുടെ വിനിമയ നിരക്ക് 88.75 ഉം അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറിലുമാണ് പൊയ്ക്കോണ്ടിരിക്കുന്നത്. 2008 ൽ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്നത് 4000 ഡോളർ മറികടന്നു. സ്വർണ്ണം വിലയിലെ വെറും ചലനം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും, സ്ഥിരതയുടെയും, കാലാതീതമായ മേധാവിത്വത്തിന്റെയും ആഗോള കറൻസിയായി മാറിക്കഴിഞ്ഞു. അനിശ്ചിതമായ ലോകത്ത് സമ്പത്തിനെയും, വിശ്വാസത്തിന്റെയും, പൈതൃകത്തെയും ആത്യന്തിക കേന്ദ്രമായി സ്വർണം തിളങ്ങുന്നത് തുടരുകയാണ്.