കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില റോക്കറ്റ് വേഗത്തിൽ മുകളിലേക്ക്. ഒരു പവന് 87000 രൂപയാണ് ഇന്നത്തെ മാർക്കറ്റ് വില. ഗ്രാമിന് 10,875 രൂപയുമായി. ഇന്ന് 880 രൂപയുടെ വർധനയോടെയാണ് വിപണി ഉണർന്നത്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ചെലവാക്കേണ്ടി വരിക കുറഞ്ഞത് 95,000ത്തിന് മുകളിൽവരും. ഇതോടെ സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറത്തേക്ക് സ്വർണവില നീങ്ങുകയാണ്.
അതേസമയം ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്. ഇന്നലെയും ഇന്നുമായി വൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വർണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വർധനവിന് പ്രധാന കാരണം. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്.
ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയെതെന്നാണ് ഗോൾഡ്മാൻ സാച്ച്സ് റിസർച്ചിന്റെ റിപ്പോർട്ട് പറയുന്നത്. സ്വർണവിലയിലുണ്ടാകുന്ന ഉയർച്ച സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. നിലവിൽ ആഭരണത്തിന് മാത്രമാണ് ആവശ്യക്കാർ കുറയുന്നത്. അതേസമയം, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെ പല രീതിയിൽ സ്വർണവിൽപ്പന നടക്കുന്നുണ്ട്. അതേസമയം നിക്ഷേപകരും ഉപഭോക്താക്കളും സ്വർണവിലയിൽ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.