കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ കുതിച്ചുകയറ്റം. ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ താറുമാറാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട വാഹന താരിഫ് യുദ്ധത്തിന്റെ അനന്തര ഫലമായാണ് സ്വർണ്ണ വില സർവകാല റിക്കോർഡിലെത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം 105 രൂപ ഗ്രാമിന് വർദ്ധിച്ച് 8340 രൂപയായി. പവൻ വില 840 രൂപ വർദ്ധിച്ചു 66,720 രൂപയായി.
അതേപോലെ 18 കാരറ്റ് സ്വർണത്തിനും സർവകാല റിക്കോർഡ് ആണ്. 85 രൂപ ഗ്രാമിന് വർധിച്ച് 6840 രൂപയിൽ എത്തി. 18 കാരറ്റ് പവൻ വില 54720 രൂപയിൽ എത്തി. വെള്ളി വിലയിലും സർവ്വകാല റിക്കോർഡിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 3 രൂപ ഗ്രാമിന് വർധിച്ച് 112 രൂപ ഗ്രാമിന് വിലയായി. ഇതോടെ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,400 രൂപ നൽകണം.
രാജ്യാന്തര സ്വർണ്ണവില 3075 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.61 ആണ്. ട്രംപിന്റെ വാഹന താരിഫുകൾ ആഗോള വിപണിയിൽ കൂടുതൽ അനിശ്ചിതത്വം ഉണ്ടാക്കിയതോടെയാണ് സ്വർണ്ണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. രാജ്യാന്തര സ്വർണ്ണവില 3085 ഡോളർ കടന്നാൽ 3150 ഡോളർ വരെ പോയേക്കാവുന്ന സൂചനകളാണ് വരുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
,