കെന്നിങ്ടൺ: ഓവലിൽ ആറു റൺസിന്റെ ജയം അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്ത നിമിഷമായിരുന്നു ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ മുന്നിൽ കൂടെ ഇന്നലെ കടന്നുപോയത്…374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടതിന് പിന്നാലെ ഇന്ത്യയുടെ ഡ്രസ്സിങ്‌റൂമിലും ആവേശം വാനോളമായിരുന്നു. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർക്ക് വികാരം നിയന്ത്രിക്കാനായില്ല. സഹപ്രവർത്തകരെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഗംഭീർ ഇന്ത്യയുടെ വിജയനിമിഷത്തിൽ പങ്കുചേർന്നു. ഇതിന്റെ ദൃശ്യങ്ങൾ ബിസിസിഐ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും ഇന്ത്യയുടെ ഡ്രസ്സിങ് റൂമിൽ നിന്ന് ഉയരുന്ന ആരവങ്ങൾ ദൃശ്യങ്ങളിൽ കാണാം. ഓരോ പന്തും സസൂക്ഷ്മമാണ് ഗംഭീറും സംഘവും നിരീക്ഷിച്ചത്. ഡ്രസ്സിങ് റൂമിൽ നെഞ്ചിടിപ്പോടെയാണ് ഇന്ത്യൻ സംഘം കളി കണ്ടത്. അത് ദൃശ്യങ്ങളിൽ വ്യക്തവുമാണ്. ഒടുവിൽ സിറാജ് അവസാന വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യൻ ക്യാംപ് ഒരു നിമിഷം എന്തുചെയ്യണെമെന്നറിയാതെ പകച്ചു…
പിന്നാലെ ഗംഭീർ അസിസ്റ്റന്റ് കോച്ച് ടെൻ ഡോഷേറ്റിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് വിജയാഘോഷത്തിൽ അലിഞ്ഞുചേർന്നത്. പിന്നെ ഒപ്പമുള്ളവരെല്ലാം കൂടെ ചേർന്നു. കെട്ടിപ്പിടിച്ചും കണ്ണീരണിഞ്ഞും ഡ്രസ്സിങ് റൂം ഒന്നടങ്കം ഓവലിലെ ജയം ആഘോഷിച്ചു. ഇത്രത്തോളം വികാരത്തള്ളിച്ചയുമായി വിജയാഘോഷം നടത്തുന്ന ഗംഭീറിനെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്നാണ് വീഡിയോക്കു താഴെ ആരാധകരുടെ കമെന്റ്. ആ വികാരങ്ങളെല്ലാം ഉള്ളടങ്ങുന്നതായിരുന്നു ഗംഭീറിന്റെ ട്വീറ്റും. ചിലപ്പോൾ ഞങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. എന്നാൽ ഒരിക്കലും കീഴടങ്ങില്ല. – ഗംഭീർ കുറിച്ചു.
അതേസമയം അവസാനദിവസം കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയിക്കാൻ ഒരുപോലെ അവസരമുണ്ടായിരുന്നു. എന്നാൽ, അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇംഗ്ലണ്ട് വാലറ്റത്തെ വീഴ്ത്തിയാണ് ജയം പിടിച്ചെടുത്തത്. ആറിന് 339 റൺസെന്നനിലയിലാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. നാലുവിക്കറ്റ് കൈയിലിരിക്കെ വേണ്ടത് 35 റൺസ്. അഞ്ചാം ദിനത്തിലെ ആദ്യ ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ രണ്ടു ഫോറടിച്ച് ജാമി ഓവർട്ടൺ ഇംഗ്ലണ്ടിന് നല്ല തുടക്കംനൽകി. എന്നാൽ, തൊട്ടടുത്ത ഓവറിന്റെ മൂന്നാം പന്തിൽ സിറാജ്, ജാമി സ്മിത്തിനെ (2) ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് ആശിച്ച വിക്കറ്റുനൽകി. ഇതോടെ ഇംഗ്ലണ്ട് ഏഴിന് 347 എന്നനിലയിലായി. തൊട്ടടുത്ത പന്തിൽ ഗസ് അറ്റ്കിൻസൻ സ്ലിപ്പിൽ നൽകിയ ക്യാച്ചെടുക്കാൻ കെ.എൽ. രാഹുലിനായില്ല.
തൊട്ടുപിന്നാലെയെത്തിയ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിൽ നാലുറൺസ് വന്നതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, 80-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജാമി ഓവർട്ടണിനെ (ഒൻപത്) വിക്കറ്റിനുമുന്നിൽ കുരുക്കി സിറാജ് കളി തിരിച്ചു പിടിച്ചു. 83-ാം ഓവറിന്റെ അവസാനപന്തിൽ ജോഷ് ടങ്ങിനെ (പൂജ്യം) ബൗൾഡാക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ വിജയത്തിലേക്കുള്ള ദൂരം ഒന്നുകൂടി കുറച്ചു. ടങ് പുറത്തായതോടെയാണ് വോക്‌സ് പരുക്കേറ്റ ഇടംകൈ ജാക്കറ്റിനുള്ളിലാക്കി ക്രിസിലേക്കെത്തിയത്. അടുത്ത ഓവറിൽ സിറാജിനെ സിക്‌സിനു പറത്തി അറ്റ്കിൻസൻ ഇംഗ്ലണ്ടിന് പ്രതീക്ഷനൽകി. തുടർന്ന് രണ്ടോവർ വോക്‌സിന് സ്‌ട്രൈക്ക് നൽകാതെ അറ്റ്കിൻസൻ കളിതുടർന്നു. ക്രീസിൽ 16 മിനിറ്റ് ഉണ്ടായിരുന്നിട്ടും ഒരു പന്ത് പോലും നേരിട്ടില്ലെങ്കിലും, ഗസ് അറ്റ്കിൻസണെ സ്‌ട്രൈക്കിൽ നിർത്താൻ സഹായിച്ച നിർണായകമായ രണ്ട് സിംഗിളുകൾ വോക്‌സ് ഓടിയെടുത്തു. ഒടുവിൽ 86-ാം ഓവറിന്റെ ആദ്യപന്തിൽ മുഹമ്മദ് സിറാജിന്റെ യോർക്കർ അറ്റ്കിൻസന്റെ (17) കുറ്റി പിഴുതു.
𝗕𝗲𝗹𝗶𝗲𝗳. 𝗔𝗻𝘁𝗶𝗰𝗶𝗽𝗮𝘁𝗶𝗼𝗻. 𝗝𝘂𝗯𝗶𝗹𝗮𝘁𝗶𝗼𝗻!
Raw Emotions straight after #TeamIndia‘s special win at the Kennington Oval 🔝#ENGvIND pic.twitter.com/vhrfv8ditL
— BCCI (@BCCI) August 4, 2025