ആലപ്പുഴ: ചെറ്റത്തരം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അതിരൂക്ഷ വിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയും സിപിഎം മുൻനേതാവുമായ ജി. സുധാകരൻ. ‘കേരളത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്താൻ പോകുന്ന തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ് അമ്പലപ്പുഴയിലേത്.. കാരണം ഒരു കാര്യവുമില്ലാതെ എന്നെ ചെറ്റേ എന്നുവരെ മുഖ്യമന്ത്രി വിളിക്കുകയാണ്.
ഞാൻ മുഖ്യമന്ത്രിയെ ഒന്നും പറഞ്ഞില്ല. ആക്ഷേപിച്ചൊന്നും പറഞ്ഞില്ല. സിപിഎമ്മിലെ ഒരാളെയും ആക്ഷേപിച്ച് ഒന്നും പറഞ്ഞില്ല. സിപിഎമ്മിനെ പോലും ആക്ഷേപിച്ചില്ല. ഒരു രാഷ്ട്രീയപാർട്ടിയേയും ആക്ഷേപിച്ചില്ല. എന്നിട്ടും അരിശം തീരാതെ കേരളത്തിന്റെ മുഖ്യമന്ത്രി ചെറ്റേ എന്ന് വിളിക്കുകയാണ്. അതിനുള്ള മറുപടി താൻ നൽകിക്കഴിഞ്ഞു, സുധാകരൻ പറഞ്ഞു. അങ്ങനൊരു പദപ്രയോഗം നടത്താൻ മുഖ്യമന്ത്രിക്ക് എന്താണ് അധികാരം എന്നും സുധാകരൻ ആരാഞ്ഞു. ‘എന്ത് അവകാശം. അദ്ദേഹത്തെ ആര് ചുമതലപ്പെടുത്തി. പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തിയോ. അദ്ദേഹം പൊളിറ്റ് ബ്യൂറോയോട് ചോദിച്ചോ. ബേബി അങ്ങനെ പറഞ്ഞില്ലല്ലോ. എം.വി. ഗോവിന്ദൻ പോലും അങ്ങനെ പറഞ്ഞില്ല.
പിണറായിയുമായി നല്ല ബന്ധമായിരുന്നു. പത്തുമുപ്പതുകൊല്ലത്തെ ബന്ധമല്ലേ. അതുകൊണ്ട് അദ്ദേഹത്തിന് ഗുണമുണ്ടായി. എല്ലാ പ്രതിസന്ധിയിലും ഞാൻ ഉറച്ചുനിന്നു. ജനങ്ങളെ അറിയിക്കേണ്ടത് പത്ര സമ്മേളനം നടത്തി വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുകയാണ്. ഇവിടെ എന്താണ് നടക്കുന്നത് എന്ന് അദ്ദേഹത്തിനറിയില്ല. താഴെയുള്ള ജനങ്ങളുമായി യാതൊരു ബന്ധവുമില്ല.
ആളുകളെ തെറ്റായ ഭാഷയിൽ അഭിസംബോധന ചെയ്യുകയാണ്. എന്റെ അച്ഛനും അമ്മയും ഇട്ട പേരല്ല ചെറ്റ എന്ന്. സുധാകരൻ എന്നാണ് ഇട്ടത്. എന്റെ അച്ഛനും അമ്മയും ഇട്ട പേര് മാറ്റാൻ കേരള മുഖ്യമന്ത്രിക്ക് എന്താണ് അവകാശം. അദ്ദേഹം ആ കസേരയിലിരിക്കുന്നത് അച്ഛനമ്മാർ പൗരന്മാർക്കിട്ട പേര് മാറ്റാനാണോ. ഇതൊരു ഭരണഘടനാ പ്രശ്‌നമാണ്. മുഖ്യമന്ത്രി സംസാരിക്കുന്നത് ഭരണഘടനാവിരുദ്ധമായിട്ടാണ്. ഞാൻ കേസിനൊന്നും പോകുന്നില്ല. അതീവഗുരുതരമായ തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്, സുധാകരൻ പറഞ്ഞു.














































