തിരുവനന്തപുരം: ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും.
സംസ്ഥാനതല ഓണം ഫെയർ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും സംഘടിപ്പിക്കും. അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉൾപ്രദേശങ്ങളിലടക്കം എത്തിക്കാനാകും. അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും.
വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്സിഡിയായും നോൺ സബ്സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും.