തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രനും മറ്റു രണ്ടുപേരും ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് മൂവരും അംഗത്വം സ്വീകരിച്ചു. 2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ദീർഘകാല രാഷ്ട്രീയ പ്രവർത്തകനായിരുന്ന താൻ കഴിഞ്ഞ നാലഞ്ച് വർഷമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. എന്നാൽ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതിൽ മാനസിക പ്രയാസങ്ങൾ ഉണ്ടായി. ദേവികുളം എംഎൽഎ എ. രാജയ്ക്ക് എതിരായി പ്രവർത്തിച്ചു എന്ന പേരിൽ തനിക്കെതിരെ പാർട്ടി നടപടി എടുത്തു. എന്നാൽ സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ ഉൾപ്പെടെ തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
അതുപോലെ ഹൈറേഞ്ചിലെ പ്രശ്‌നങ്ങൾ തീർക്കാൻ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല. വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തിൽ നിന്ന് ആരേയും അടർത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പൂർണമായി ബിജെപിയിൽ എന്ന് ഇപ്പോൾ പറയില്ല’’ – രാജേന്ദ്രൻ പറഞ്ഞു.
മുൻ എംഎൽഎയ്ക്കൊപ്പം ഇടുക്കിയിൽ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥൻ, സിപിഎം പ്രവർത്തകൻ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. മൂന്നാറിൽ എട്ടാം തിയതി നടക്കുന്ന പൊതുപരിപാടിയിൽ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ നൂറു കണക്കിനു പേർ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം പാർട്ടിയിൽ നിന്ന് അകന്നു നിൽകുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും എന്ന് മൂന്നു വർഷമായി പ്രചരണം ഉണ്ടായിരുന്നു.
















































