കൊച്ചി/ജാംനഗര്‍: ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്‍താര’ സന്ദര്‍ശിച്ചു. എന്നാല്‍ അതൊരു സാധാരണ താരസന്ദര്‍ശനമായിരുന്നില്ല, മറിച്ച്, പുരാതന ഭാരതീയ പാരമ്പര്യവും ആധുനിക ശാസ്ത്രീയ മൃഗ സംരക്ഷണവും ഒരു ആഗോള മനുഷ്യസ്‌നേഹിയുടെ കണ്ണുകളിലൂടെ ഒന്നിക്കുന്ന അപൂര്‍വ സംഗമമായിരുന്നു. പ്രകൃതിയോടുള്ള സനാതന ധര്‍മ്മത്തിന്റെ ആദരവില്‍ വേരൂന്നിയ പവിത്രമായ ആചാരങ്ങളില്‍ തുടങ്ങി, ലോകോത്തര നിലവാരത്തിലുള്ള വന്യജീവി പുനരധിവാസത്തിന്റെ ഹൃദയത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായിരുന്നു മെസ്സിയുടെ സന്ദര്‍ശനം. മെസ്സിയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരധ്യായമായി അത് മാറുകയും ചെയ്തു. അദ്ദേഹത്തിന് ഊഷ്മളവും പരമ്പരാഗതവുമായ വരവേല്‍പ്പാണ് വന്‍താരയില്‍ ലഭിച്ചത്.
എല്ലാ സംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രകൃതിയോടുള്ള ആത്മീയമായ ആദരവില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന സന്ദേശം നല്‍കുന്ന ചടങ്ങായിരുന്നു മെസ്സിക്കായി വന്‍താരയില്‍ ഒരുക്കിയത്.സനാതന ധര്‍മ്മത്തിന്റെ കാതലായ ഈ ആശയം, മെസ്സിയുടെ സന്ദര്‍ശനത്തിന് സവിശേഷമായ ഒരു തലം നല്‍കുകയും, ഒരു സാധാരണ സെലിബ്രിറ്റി പര്യടനത്തില്‍ നിന്ന് പ്രകൃതിയോടുള്ള ആദരവില്‍ അധിഷ്ഠിതമായ ഒരു തീര്‍ത്ഥാടനമാക്കി മാറ്റുകയും ചെയ്തു.
സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരോടൊപ്പം വന്‍താരയില്‍ കാലുകുത്തിയ മെസ്സിയെ കാത്തിരുന്നത് കാഴ്ചയുടെയും ശബ്ദത്തിന്റെയും വര്‍ണ്ണങ്ങളുടെയും ഒരു സമന്വയമായിരുന്നു. ക്ഷേത്രത്തില്‍ നടന്ന മഹാ ആരതിയിലും മെസ്സി പങ്കാളിയായി. ഹരിതോര്‍ജ്ജ സമുച്ചയവും ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സും സന്ദര്‍ശിച്ച മെസ്സി, ഈ സംരംഭങ്ങളുടെ വലുപ്പവും അതിനു പിന്നിലെ ദീര്‍ഘവീക്ഷണവും കണ്ട് തന്റെ അത്ഭുതം മറച്ചുവെച്ചില്ല. ഓരോ കേന്ദ്രത്തിലും, വിദഗ്ദ്ധ വെറ്ററിനറി പരിചരണം, ഓരോ മൃഗത്തിനും അനുയോജ്യമായ പോഷകാഹാരം, സ്വഭാവ പരിശീലനം, ശാസ്ത്രീയമായ പരിപാലന രീതികള്‍ എന്നിവയിലൂടെ മൃഗങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കുന്നത് അദ്ദേഹം നിരീക്ഷിച്ചു.
വന്യജീവി സംരക്ഷണത്തിനും പരിചരണത്തിനും മുന്‍ഗണന നല്‍കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ മെസ്സി പ്രത്യേകം പ്രശംസിക്കുകയുണ്ടായി. വന്‍താര ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ മനോഹരമായ ഒരു കാര്യമാണ്. മൃഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം, അവയ്ക്ക് ലഭിക്കുന്ന പരിചരണം, അവയെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി എന്നിവയെല്ലാം ശരിക്കും പ്രശംസനീയമാണ്. ഞങ്ങള്‍ ഇവിടെ വളരെ സന്തോഷത്തോടെ സമയം ചെലവഴിച്ചു, തികച്ചും സുരക്ഷിതരായിരുന്നു. ഇത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭവമാണ്. ഈ അര്‍ത്ഥവത്തായ പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കാനും പിന്തുണയ്ക്കാനും ഞങ്ങള്‍ തീര്‍ച്ചയായും വീണ്ടും വരും–മെസ്സി പറഞ്ഞു.
















































