കോഴിക്കോട്: പ വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ ബേപ്പൂരിൽ പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സ് ബോർഡുകൾ. പിവി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നെഴുതിയ ഫ്‌ളക്‌സുകളാണ് പ്രദേശത്ത് പലയിടത്തും പ്രത്യക്ഷപ്പെട്ടത്.
നേരത്തെതന്നെ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പിവി അൻവർ പ്രസ്താവന ഇറക്കിയിരുന്നു.. മരുമോനിസത്തിന്റെ അടിവേരറുക്കാൻ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാനും തയ്യാറാണ് എന്നായിരുന്നു പിവി അൻവർ മുമ്പ് പറഞ്ഞിരുന്നത്.
അതേപോലെ യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചതിന് പിന്നാലെ പിവി അൻവർ ഇന്നും പിണറായിസത്തെയും മരുമോനിസത്തെയും തോൽപ്പിക്കാൻ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് ആവർത്തിച്ചിരുന്നു. മത്സരിക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടാൽ താൻ മത്സരിക്കുമെന്നും ഇനി മത്സരിക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ അതും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് അൻവറിനെ ബേപ്പൂരേക്ക് സ്വാഗതം ചെയ്ത് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ബേപ്പൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ പിവി അൻവറിനെ പ്രദേശത്ത് എത്തിച്ച് പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. ഫ്ളക്സ് ബോർഡുകൾകൂടി ഉയർന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ പിവി അൻവറിനെ യുഡിഎഫ് കളത്തിലിറക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.



















































