വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതുക്കിയ റിലീസ് തീയതി പുറത്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ജൂൺ 27ന് ചിത്രം തിയേറ്ററുകളിലെത്തും. ഡോ. മോഹൻ ബാബു, വിഷ്ണു മഞ്ചു, പ്രഭുദേവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വരി എന്നിവർ ചേർന്നാണ് യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്. രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചിത്രം ആഴത്തിൽ പതിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മുഴുവൻ ടീമിനും ആശംസകൾ നേരുകയുണ്ടായി.
വിഷ്ണു മഞ്ചുവിനൊപ്പം മോഹൻലാൽ, പ്രഭാസ്, അക്ഷയ്കുമാർ, മോഹൻകുമാർ, ശരത്കുമാർ, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. ‘കണ്ണപ്പ’യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. സംഗീതം സ്റ്റീഫൻ ദേവസി, എഡിറ്റർ ആൻറണി ഗോൺസാൽവസ്, പ്രൊഡക്ഷൻ ഡിസൈനർ ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് മഹേശ്വർ, ആർ വിജയ് കുമാർ, പിആർഒ ആതിര ദിൽജിത്ത്.