കണ്ണൂർ: എട്ടു വയസുകാരിയെ പിതാവ് ക്രൂരമായി മർദിക്കുന്ന വീഡിയോ പ്രാങ്ക് അല്ലെന്നു കുട്ടിയുടെ മാതാവിന്റെ സഹോദരി അനിത രംഗത്ത്. പിതാവ് മദ്യപിച്ചെത്തി കുട്ടികളെ മർദിക്കാറുണ്ടെന്നും ഇവർ ജനിച്ചപ്പോൾ തൊട്ടേ മർദനം പതിവായിരുന്നുവെന്നും മാതൃ സഹോദരി പറയുന്നു
ആ വീഡിയോ പ്രാങ്ക് അല്ല, യഥാർത്ഥമാണ്. കുട്ടി ജനിച്ചപ്പോൾ തൊട്ട് തുടങ്ങിയതാണ് ഈ അടിയും ബഹളവും. ഓള് വിട്ട് പോയതുമുതൽ പിള്ളേരെ തല്ലിക്കൊണ്ടിരിക്കുകയാണ്. പോലീസുകാരോട് ഇക്കാര്യം പറഞ്ഞു. കത്തികൊണ്ട് കുട്ടികളെ കൊത്തുന്നത് വാടകവീട്ടിൽവെച്ചാണ്- അനിത പറഞ്ഞു. കുട്ടികളെ ക്രൂരമായി മർദിച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ, അച്ഛനെ വിട്ടുപോയ അമ്മ തിരികെ എത്താൻ വേണ്ടി പ്രാങ്ക് വീഡിയോ എടുത്തതാണെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ വീഡിയോയിൽ സംശയം തോന്നിയതിനെത്തുടർന്ന് പിതാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
അതേസമയം സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ട് കേസെടുത്തു. സിഡബ്ല്യുസി കുട്ടികളുടെ മൊഴിയെടുക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട്. പോലീസും മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികളെ മർദ്ദിച്ച പിതാവ് ജോസ് എന്ന മാമച്ചനെ ചെറുപുഴ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎൻസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന പിതാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. സംഭവത്തിൽ പിതാവിനെ കസ്റ്റഡിയിലെടുക്കാൻ റൂറൽ എസ്പി ഉത്തരവിടുകയായിരുന്നു.