ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ സുരക്ഷാ വേലികൾ മറികടന്ന് ഗ്രൗണ്ടിൽ ബോളെറിയാൻ നിൽക്കുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനടുത്തേക്ക് ഇരച്ചുകയറി ആരാധകൻ. ആദ്യം പരാഗിന്റെ കാലുകളിലേക്കു വീണ ആരാധകൻ പിന്നീട് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. റിയാൻ പരാഗ് പന്തെറിയുന്നതിനിടെയാണു സുരക്ഷാ വേലികൾ ചാടിക്കടന്ന് പരാഗിന്റെ ആരാധകൻ ഗ്രൗണ്ടിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇയാളെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയി. കുറച്ചു നേരം മത്സരവും നിർത്തിവച്ചു.
ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ടു ഹോം മത്സരങ്ങൾ നടക്കുന്നത്. അസം സ്വദേശിയും അസം ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പരുക്കേറ്റതിനാൽ, താൽക്കാലിക ക്യാപ്റ്റന്റെ റോളിൽ റിയാൻ പരാഗാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്റെ ആദ്യ മൂന്നു മത്സരങ്ങളിൽ പരാഗായിരിക്കും ടീം ക്യാപ്റ്റൻ.
അതേസമയം വിരലിനു പരുക്കുള്ള സഞ്ജു സാംസണ് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയിട്ടില്ല. ഇംപാക്ട് പ്ലേയറുടെ റോളിലാണ് സഞ്ജു സാംസൺ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റു വിജയമാണു നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തപ്പോൾ, കൊൽക്കത്ത രണ്ടു വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ വിജയം കൈപ്പിടിയിലൊതുക്കി.
Fan breaches security to meet Riyan Parag! Cricket fever at its peak!🏃
[ Video Credits: @JioHotstar, @IPL #RiyanParag #RRvsKKR ] pic.twitter.com/xzlrQW44uq
— ◉‿◉ (@nandeeshbh18) March 26, 2025