കണ്ണൂർ: കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ കോടികളുടെ വ്യാജ വായ്പ തട്ടിപ്പെന്ന് ഫിഷറീസ് വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. 20 വർഷം മുൻപ് മരിച്ചവരെ പോലും ജാമ്യക്കാരാക്കി ചിത്രീകരിച്ചാണ് കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ വ്യാജ വായ്പ തട്ടിപ്പ് നടന്നത്. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും ചേർന്നുളള സംഘടിത കൊള്ളയാണ് നടന്നതെന്ന് ഫിഷറീസ് വകുപ്പിൻറെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സിപിഎം നേതൃത്വത്തിലുളള ഭരണസമിതി അംഗങ്ങൾക്കെതിരെ പേരിനൊരു കേസ് എടുത്തതല്ലാതെ പോലീസിൻറെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായതുമില്ലയെന്നും റിപ്പോർട്ട്.
മത്സ്യത്തൊളിലാളുടെ ക്ഷേമത്തിനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വന്ന ഒരു സഹകരണ സംഘം പൊടുന്നനെ ഒരു വ്യാജ വായ്പ സംഘമായി മാറിയതിൻറെ അമ്പരപ്പിലാണ് ആയിക്കരയിലെ രണ്ടായിരത്തോളം വരുന്ന തൊഴിലാളികളും സൊസൈറ്റിയെ വിശ്വസിച്ച് ഇവിടെ പണം നിക്ഷേപിച്ചവരും.
സംഘത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് ഫിഷറീസ് അസിസ്റ്റൻറ് രജിസ്ട്രാർ പിജി സന്തോഷ് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിലെ ഒരു പരാമർശം ഇങ്ങനെ- വ്യാജമായി സൃഷ്ടിച്ച ചില സേവിങ്സ് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നത്. സംഘത്തിൽ ലഭിച്ചിരുന്ന പണം പുറത്തേക്ക് കടത്താനായി മേൽപ്പറഞ്ഞ സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുകയാണ് ചെയ്തത്. സംഘത്തിൽ വലിയ തുകകൾ സ്ഥിരനിക്ഷേപമായി ലഭിച്ചിരുന്ന ദിവസങ്ങളിൽ മേൽ തുകകൾ അക്കൗണ്ട് ഉടമകൾ അറിയാതെ പിൻവലിക്കുകയാണ് ചെയ്തത്. സെക്രട്ടറിയായിരുന്ന സുനിതയെ സസ്പെൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ വരെ ഇത്തരം ഇടപാടുകൾ നടന്നു.
അതുപോലെ സംഘം ഭാരവാഹികളുടെ പേരിലും സംഘത്തിൽ ജീവനക്കാരായിരുന്നവരുടെ പേരിലുമെല്ലാം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുറന്നു. സംഘം സെക്രട്ടറിയായിരുന്ന സുനിതയുടെ മകളുടെ പേരിൽ പോലും സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങുകയും നിയമവിരുദ്ധമായി ഇടപാടുകൾ നടത്തുകയും ചെയ്തു. കണ്ണൂർ ആയിക്കര സ്വദേശിയായ സിറാജിന്റെ പേരിലുള്ള എസ്ബിഐ അക്കൗണ്ടിൽ ഒരുകോടി 70 ലക്ഷ രൂപയുടെയും അജീന എന്ന വ്യക്തിയുടെ സേവിംഗ്സ് അക്കൗണ്ടിൽ ഒരുകോടി 30 ലക്ഷം രൂപയുടെയും ഇടപാടുകൾ നടന്നതായി സംഘം രേഖകളിൽ ഉണ്ടെങ്കിലും എന്നാൽ ഇത് തങ്ങളുടെ അറിവോടെ അല്ല എന്നാണ് ഇരുവരും മൊഴി നൽകിയത്.
നാലു പതിറ്റാണ്ട് മുൻപ് പ്രവർത്തനമാരംഭിച്ച് ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചുവന്നിരുന്ന സംഘത്തിൽ കാര്യങ്ങൾ പന്തിയല്ലെന്ന കാര്യം സർക്കാർ ഏജൻസികൾ നേരത്തെ തന്നെ അറിഞ്ഞിട്ടും ഇക്കാര്യം അറിയിച്ചിട്ടും സംഘം തിരുത്തലിന് തയ്യാറായില്ലെന്നും അസിസ്റ്റൻറ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട്. സംഘത്തിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യഫെഡ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയും ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സംഘത്തിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നിബന്ധനങ്ങൾ തയ്യാറാക്കണമെന്നും രജിസ്ട്രാറുടെ അംഗീകാരം വാങ്ങണമെന്നും അംഗീകാരം ലഭിക്കാത്ത യാതൊരുവിധ ബിസിനസ് പ്രവർത്തനങ്ങളും നടത്താൻ പാടില്ല എന്നും റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇതിനുളള നടപടി സ്വീകരിക്കാമെന്ന് സംഘം മറുപടി നൽകിയതല്ലാതെ പിന്നീട് തുടർ നടപടികളും ഉണ്ടായില്ല. നിക്ഷേപകരുടെ സമ്മർദ്ദത്തെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സെക്രട്ടറിക്കും ഭരണസമിതി അംഗങ്ങൾക്കും എതിരെ കണ്ണൂർ സിറ്റി പോലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. അതേസമയം തട്ടിപ്പിൽ പ്രധാനിയായി പ്രവർത്തിച്ച സെക്രട്ടറി ഒളിവിലെന്ന വാദം തൊഴിലാളികൾ മുഖവിലയ്ക്കെടുത്തിട്ടില്ല.