തിരുവനന്തപുരം യാതൊരു തെളിവും അവശേഷിപ്പിക്കാതെ അവസാനിപ്പിക്കാമെന്ന് പ്രതികൾ കരുതിയ ഒരു കേസ്, ഒരു അടിവസ്ത്രത്തിന്റെ പേരിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
അതേസമയം പ്രത്യേകതകൾ കൊണ്ടു മൂന്ന് പതിറ്റാണ്ടിനപ്പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് തൊണ്ടിമുതൽ കേസ്. വിചിത്രമെന്നോ അസാധാരണമെന്നോ തോന്നുന്ന ചരിത്രവഴികളാണ് തൊണ്ടി മുതൽ കേസിനെ വേറിട്ട് നിർത്തുന്നത്.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ-
1990 ഏപ്രിൽ 4ന് അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. ഇതോടെയാണ് തൊണ്ടിമുതൽ കേസിന്റെ തുടക്കം. അന്ന് ആൻ്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയറായ സെലിൻ വിൽഫ്രഡുമായി ചേർന്ന് വക്കാലത്തെടുത്ത് കേസ് നടത്തിയെങ്കിലും പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് കോടതി വിധി വന്നു. എന്നാൽ മുതിർന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനെ ഇറക്കി ഹൈക്കോടതിയിൽ അപ്പീൽ ചെയ്തതോടെ വിധി പ്രതിക്ക് അനുകൂലമായി. പക്ഷെ അവിടം മുതൽ തൊണ്ടിമുതൽ കേസ് മാറിമറിഞ്ഞുവെന്നുതന്നെ പറയാം.
ആൻഡ്രൂ സാൽവദോറിന്റെ അടിവസ്ത്രം കൊച്ചുകുട്ടിയുടെ അളവിലേക്ക് മാറിയത് എങ്ങനെ
അന്നു പ്രതിയായ ആൻഡ്രൂ സാൽവദോർ സർവലിക്ക് അനുകൂല വിധിലഭിക്കാൻ കാരണമായത് കോടതിൽ ഹാജരാക്കിയ അടിവസ്ത്രമായിരുന്നു. പോലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് പ്രതിഭാഗം പ്രധാനമായും ഉയർത്തിയത്. എന്നാൽ ആ വാദത്തോടെ കേസിൽ ട്വിസ്റ്റ് ആരംഭിക്കുകയാണ്.
പ്രതിക്ക് ഉപയോഗിക്കാൻ കഴിയാത്ത അളവിലുള്ള വസ്ത്രം തൊണ്ടി മുതലായതോടെ കൃത്രിമം നടന്നുവെന്ന് കാണിച്ച് പരാതിയുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജയമോഹൻ വിജിലൻസ് ഹൈക്കോടതിയെ സമീപിച്ചു. മൂന്നുവർഷത്തെ പരിശോധനക്ക് ശേഷം വിജിലൻസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
പിന്നീട് 1994 ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ തെളിവില്ലെന്ന റിപ്പോർട്ടാണ് എട്ടുവർഷങ്ങൾക്കിപ്പുറം പോലീസ് 2002ൽ കോടതിയിൽ സമർപ്പിച്ചത്. തുടർന്ന് 2005ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐജി ടി പി സെൻകുമാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ കേസിലേക്ക് വരുന്നത്.
ഇതിനിടെ ജൂനിയർ വക്കീലായിരുന്ന ആന്റണി രാജു എംഎൽഎ ആയി. 2006 ഫെബ്രുവരി13ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ കോടതിയെ വഞ്ചിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ഗൗരവ സ്വഭാവമുള്ള ആറ് കുറ്റങ്ങൾ ചുമത്തുകയായിരുന്നു. മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ട് വർഷം കേസ് വീണ്ടും അനക്കമില്ലാതെ കിടന്നു. പിന്നീട് കേസിലെ പ്രതിയായ കെ എസ് ജോസ് ഇതേ കോടതിയിൽ ജീവനക്കാരനാണെന്ന് ചൂണ്ടികാണിച്ച് 2014ൽ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.
തെളിവ് ആന്റണി രാജുവിന്റെ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട തൊണ്ടി രജിസ്റ്റർ
കേസിൽ തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. തൊണ്ടിവസ്തുക്കളുടെ വിവരം എഴുതി സൂക്ഷിക്കുന്ന കോടതിയിലെ രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുകയാണ് പതിവ്. ഇങ്ങനെ മാറ്റിയ തൊണ്ടി കോടതിയുടെ അനുമതിയില്ലാതെ പുറത്തേക്കെടുക്കാൻ പോലും സാധിക്കില്ല. എന്നാൽ ഈ കർശന വ്യവസ്ഥകൾ അട്ടിമറിച്ച് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ് ജോസിൻ്റെ സഹായത്തോടെ ആൻ്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയെന്നാണ് ആരോപണം. തുടർന്നു അടിവസ്ത്രം വെട്ടിതൈച്ച് അടിവസ്ത്രം കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനെതുടർന്നാണ് കേസിൽ വിധി ആൻഡ്രൂ സാൽവദോറിന് അനുകൂലമായത്.
കള്ളി വെളിച്ചത്തായത് ആൻഡ്രൂ കൊലക്കേസിൽ അറസ്റ്റിലാകുന്നതോടെ
പുറംലോകമറിയാതെ പോകുമായിരുന്ന കേസ് വീണ്ടും ചർച്ചയായത് 1991 മാർച്ച് ആദ്യം ഓസ്ട്രേലിയയിലെത്തിയ ആൻഡ്രൂ സാൽവദോർ 1995 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നുതോടെ. ഇതിനിടെ അയാളുടെ സുഹൃത്ത് ഈ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തുകയായിരുന്നു. കോടതി ജീവനക്കാരന് കൈക്കൂലി നൽകി വശത്താക്കി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയാണ് അന്നു രക്ഷപെട്ടതെന്നായിരുന്നു ആ വെളിപ്പെടുത്തൽ. തുടർന്ന് 1996 ജനുവരിയിൽ ഇന്റർപോളിന്റെ ഒരു കത്ത് ഇൻ്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് എത്തി. ഈ കത്തിലാണ് ആ രക്ഷപെടൽ സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ആ കത്തിൽ ആൻ്റണി രാജുവിൻ്റെ പേര് കത്തിൽ പറയുന്നില്ല. പക്ഷെ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി രജിസ്റ്ററിലെ ആൻ്റണി രാജുവിൻ്റെ ഒപ്പും കൂടിയായപ്പോൾ കേസിൽ ആന്റണി രാജുവിനെയും ക്ലർക്ക് ജോസിനെയും പ്രതിചേർക്കാൻ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.
















































