ലണ്ടൻ: ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലിഷ് ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കി ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് മുഹമ്മദ് സിറാജ്. ഇംഗ്ലണ്ട് സ്കോർ 22ൽ നിൽക്കെയായിരുന്നു ഡക്കറ്റിനെ മിഡ് ഓണിൽ ജസ്പ്രീത് ബുമ്രയുടെ കൈകളിലെത്തിച്ച് സിറാജ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കറ്റിനു തൊട്ടരികിൽ മുഖാമുഖമെത്തി കണ്ണിൽ നോക്കി സിറാജ് ആഹ്ലാദ പ്രകടനത്തിനു മുതിർന്നത് രംഗം നാടകീയമാക്കി. ഇതോടെ തനിക്കു മുന്നിലെത്തി ആഹ്ലാദ പ്രകടനം നടത്തിയ സിറാജിനെ തട്ടിമാറ്റി ഡക്കറ്റ്. തുടർന്ന് അംപയർമാർ വിഷയത്തിൽ ഇടപെട്ടു.
അതേസമയം 12 പന്തുകൾ നേരിട്ട ബെൻ ഡക്കറ്റ്, ഒരു ഫോർ സഹിതം 12 റൺസെടുത്താണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ 11 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 38 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി 17 റൺസോടെയും ഒലി പോപ്പ് നാലു റൺസോടെയും ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ഇരു ടീമുകളും 387 റൺസുമായി തുല്യത പാലിച്ചതിനാൽ ഇതോടെ ഇംഗ്ലണ്ടിന് 38 റൺസ് ലീഡായി.
ആദ്യ ഇന്നിങ്സിൽ, ഇംഗ്ലണ്ടിലെ നാലാം ടെസ്റ്റ് സെഞ്ചുറിയും ലോഡ്സിലെ രണ്ടാം സെഞ്ചുറിയും കുറിച്ച രാഹുലിന്റെ (100) പോരാട്ട മികവിൽ ഇന്ത്യ 387 റൺസാണ് നേടിയത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടും 387 റൺസിന് പുറത്തായിരുന്നു. കൈവിരലിലെ പരുക്കിനെ വകവയ്ക്കാതെ പൊരുതിയ ഋഷഭ് പന്ത് (74) രാഹുലിനൊപ്പം നാലാം വിക്കറ്റിൽ പിടിച്ചുനിന്നപ്പോൾ രവീന്ദ്ര ജഡേജ 72 റൺസ് നേടി.
3ന് 145 റൺസ് എന്ന സ്കോറിൽ ഇന്നലെ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചപ്പോൾ ആക്രമണത്തിന് തിരികൊളുത്തിയത് ഋഷഭ് പന്താണ്. ജോഫ്ര ആർച്ചർക്കെതിരെ ആദ്യ ഓവറിൽ 2 ഫോർ നേടിത്തുടങ്ങിയ പന്തിന്റെ ബാറ്റിങ്, പതിയെ നീങ്ങിയ രാഹുലിനെയും പ്രചോദിപ്പിച്ചു. ആദ്യ മണിക്കൂറിൽ 52 റൺസ് നേടിയ ഇരുവരും ടീം സ്കോർ 197ൽ എത്തിച്ചു.
അതേസമയം മത്സരത്തിന്റെ ആദ്യദിനം കീപ്പിങ്ങിനിടെ പന്ത് വിരലിൽകൊണ്ടു പരുക്കേറ്റ ഋഷഭ് പന്തിനെ ഇന്നലെ അതിന്റെ വേദന പലവട്ടം വേട്ടയാടി. ബാറ്റിങ്ങിനിടെ 2 തവണ വൈദ്യസഹായം തേടേണ്ടി വന്നെങ്കിലും പൂർവാധികം കരുത്തോടെ പന്ത് ക്രീസിൽ തുടർന്നു. 59–ാം ഓവറിൽ ബെൻ സ്റ്റോക്സിനെതിരെ സിക്സർ പറത്തിയാണ് പന്ത് ഇംഗ്ലണ്ടിലെ തന്റെ എട്ടാം അർധ സെഞ്ചുറി നേടിയത്.
ഇംഗ്ലിഷ് സ്പിന്നർ ശുഐബ് ബഷീർ ഉച്ചഭക്ഷണത്തിന് മുൻപുള്ള അവസാന ഓവർ എറിയുമ്പോൾ സെഞ്ചുറിക്ക് തൊട്ടരികിലായിരുന്നു രാഹുൽ (98). രാഹുലിന് സ്ട്രൈക്ക് നൽകാൻ മൂന്നാം പന്ത് ഷോർട് കവറിൽ തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച ഋഷഭിന് പിഴച്ചു. ഡയറക്ട് ത്രോയിൽ നോൺ സ്ട്രൈക്ക് എൻഡിലെ വിക്കറ്റ് തെറിപ്പിച്ച ബെൻ സ്റ്റോക്സ് പന്തിനെ (74) റണ്ണൗട്ടാക്കി.
പിന്നാലെ 10 ാം സെഞ്ചുറി തികച്ചതിനു പിന്നാലെ ആർച്ചറുടെ പന്തിൽ രാഹുലും പുറത്തായത് ഇന്ത്യയുടെ നിരാശ ഇരട്ടിപ്പിച്ചു. വെറും 11 പന്തുകൾക്കിടെ 2 നിർണായക വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ 5ന് 254 എന്ന സ്കോറിലേക്ക് വീണെങ്കിലും രവീന്ദ്ര ജഡേജയുടെ പരിചയ സമ്പത്ത് ഇന്ത്യയെ കരകയറ്റി. നിതീഷ് റെഡ്ഡിക്കൊപ്പം (30) 72 റൺസിന്റെയും വാഷിങ്ടൻ സുന്ദറിനൊപ്പം 50 റൺസിന്റെയും കൂട്ടുകെട്ടുകൾ സൃഷ്ടിക്കാൻ ജഡേജയ്ക്കു കഴിഞ്ഞു. ഒടുവിൽ 114–ാം ഓവറിൽ ജഡേജയെ ക്രിസ് വോക്സ് പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുത്തുനിൽപിനും അവസാനമായി.
@slayerkolly pic.twitter.com/yIHcGoEWWn
— ً (@n3ffexx) July 13, 2025