എമ്പുരാന്റെ ആദ്യപ്രദർശനത്തിന് നായകൻ മോഹൻലാലും സംവിധായകൻ പൃഥ്വിരാജും അടക്കമുള്ളവർ എത്തിയത് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച്. ദിവസങ്ങൾക്ക് മുൻപ് ‘ആശീർവാദ് സിനിമാസ്’ ആണ് തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെയാണ് ‘ബ്ലാക്ക് ഡ്രസ്സ് കോഡ്’ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതു പൃഥ്വിരാജും മോഹൻലാലും ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം ബ്ലാക്ക് ഡ്രസ്സ് കോഡിലെത്തിയത്.
അതേസമയം ഫാൻസ് ഷോയ്‌ക്കെത്തിയ ആരാധകരും ബ്ലാക്ക് ഡ്രസ്സ് കോഡ് ഏറ്റെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ തിയേറ്ററുകളിലെല്ലാം ബ്ലാക്ക് ഡ്രസ്സ് കോഡിലെത്തിയവരാൽ നിറഞ്ഞു. മലയാളത്തിലെ ബ്രഹ്‌മാണ്ഡചിത്രത്തിന്റെ റിലീസ് വൻ ആഘോഷമാക്കി മാറ്റുകയായിരുന്നു ആരാധകർ.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹൻലാൽ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാൻറെ’ ആദ്യ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദർശനം. മോഹൻലാൽ ഉൾപ്പെടെയുള്ള വൻതാര നിരയും ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ ആദ്യഷോ കാണാനെത്തിയത്.
‘എമ്പുരാൻ’ റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതൽതന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികൾ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിവരെ പലയിടത്തും ആഘോഷങ്ങൾ തുടർന്നു. പല സ്‌ക്രീനുകളിലും ഒരുദിവസം മാത്രം ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയിരിക്കുന്നത്.