തിരുവനന്തപുരം: പ്രസവാനന്തരമുള്ള തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നചി ദുർഗ കൃഷ്ണ. ഗർഭകാലത്ത് തന്നെ നന്നായി പരിചരിച്ച ഭർത്താവ് ഇപ്പോൾ വെറുമൊരു ‘കോ-പേരന്റ്’ (സഹ-രക്ഷിതാവ്) മാത്രമായി മാറിയെന്നും, അദ്ദേഹം കുഞ്ഞിനെ മാത്രം ശ്രദ്ധിക്കുമ്പോൾ താൻ അവിടെ ഒന്നുമല്ലാതായി തീർന്നതു പോലെ അനുഭവപ്പെടുന്നുവെന്നും ദുർഗ കുറിച്ചു.
ദുർഗയെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. തന്റെ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ചോദ്യത്തോടെയാണ് ദുർഗ തന്റെ കുറിപ്പ് തുടങ്ങുന്നത്. “നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു?”. എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്, എന്റെ കുഞ്ഞിനോട് എനിക്ക് അമിതമായ സ്നേഹമാണ്. പക്ഷേ പുറമേ നിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്.
സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു ‘കോ-പാരന്റിനെ’ മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞു പോയിരിക്കുന്നു; അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഞാൻ അവിടെ അദൃശ്യയായി മാറി. കരിയറും ശരീരവും ആരോഗ്യവും ഉറക്കവുമെല്ലാം കുഞ്ഞിനായി ത്യാഗം ചെയ്തത് താനാണെന്നും എന്നാൽ രാത്രിയിൽ താൻ ഉണർന്നിരിക്കുമ്പോൾ ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങുകയാണെന്നും ദുർഗ പറഞ്ഞു.














































