തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വിവാദ വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് ഒടുവിൽ കാരണം കാണിക്കൽ നോട്ടിസ്. ഡോ.ഹാരിസിന് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുയർന്ന പ്രതിഷേധം കാരണം നടപടി വൈകിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഡിഎംഇയാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.
ഏതാനും നാളുകൾ മുൻപു ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് സമൂഹമാധ്യമത്തിൽ നടത്തിയ വെളിപ്പെടുത്തൽ സർക്കാരിനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിനായി സർക്കാർ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തു. ഡോക്ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണു സമിതി റിപ്പോർട്ട് നൽകിയത്. അതുപോലെ സംവിധാനത്തിലെ പാളിച്ചകൾ കാരണം രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ നിരന്തരം മാറ്റിവയ്ക്കുകയാണെന്നായിരുന്നു യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിൽ ലജ്ജയും നിരാശയുമുണ്ടെന്നും കോളജ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചുവെന്നും ഹാരിസ് പറഞ്ഞിരുന്നു. അതുപോലെ ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, പിരിച്ചു വിട്ടോട്ടെ എന്നായിരുന്നു ഡോക്ടറുടെ വൈകാരിക കുറിപ്പ്.
അതേസമയം കുറിപ്പ് വിവാദമായതിനു പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചിരുന്നു. പരിമിതികളാണു ചുറ്റുമെന്നും ഓരോരുത്തർക്കും തന്നാൽ കഴിയാവുന്ന തരത്തിൽ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പോസ്റ്റ് പിൻവലിച്ചതായി പറയുന്ന കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.